കീവ്: യുക്രൈനിലെ റഷ്യൻ ആക്രമണം നാലാം ദിവസവും തുടരുന്നു. തലസ്ഥാനമായ കീവ് വളഞ്ഞ റഷ്യൻ സൈന്യം കീവിലും ഖാര്‍കീവിലും ഉഗ്ര സ്ഫോടനങ്ങൾ നടത്തി. റഷ്യൻ സൈന്യം ഖാര്‍കീവിലേക്കും എത്തിയതായാണ് വിവരം. ജനവാസകേന്ദ്രങ്ങളിൽ പുലർച്ചയടക്കം സ്ഫോടനങ്ങളുണ്ടായി.
വാസിൽകീവിലെ എണ്ണ സംഭരണ ശാലയ്ക്ക് നേരെ റഷ്യ മിസൈൽ ആക്രമണം നടത്തി. ഇവിടെ തീ പടർന്നുകൊണ്ടിരിക്കുകയാണ്. യുക്രൈൻ തലസ്ഥാനമായ കീവിന് സമീപമായിട്ടാണ് ഈ പ്രദേശമുള്ളത്. ഖാർക്കീവിൽ വാതക പൈപ്പ് ലൈന് നേരെയും ആക്രമണം ഉണ്ടായി. ഇവിടയും വൻ തീപിടുത്തമാണ് ഉണ്ടായത്. ഇവിടെ വിഷവാതകം ചോരുന്നതിനാൽ പ്രദേശവാസികൾ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറണമെന്ന് നിർദേശമുണ്ട്.
അതേസമയം, യുക്രൈനിലെ കീവിലും കാര്‍കീവിലും ഉഗ്രസ്ഫോടനങ്ങള്‍ നടത്തി റഷ്യ. ജനവാസ കേന്ദ്രങ്ങളിലും സൈന്യം ആക്രമണം നടത്തുകയാണ്. ജനവാസ കേന്ദ്രത്തിൽ ആക്രമണം നടത്തില്ല എന്നാണ് റഷ്യ പറഞ്ഞിരുന്നത്.
കാർകീവിലെ അപ്പാർട്ട്മെന്റിന് നേരെ സൈന്യം വെടിയുതിര്‍ത്തതായും ഇതില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടതായുമാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഒന്‍പത് നില കെട്ടിടത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്. ശനിയാഴ്ച്ച രാത്രി മുതൽ കാർകീവിൽ കനത്ത വെടിവപ്പാണ് നടക്കുന്നത്.
ജനം ബങ്കറുകളിലും മെട്രോ സബ്‍വേകളിലും അഭയം തേടുന്നതിനാൽ ആൾ അപായം കുറവാണ്.
നാട്ടുകാരിൽ നിന്ന് ആയുധങ്ങൾ തിരികെ വാങ്ങണണമെന്ന് യുക്രൈനോട് റഷ്യ ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കിൽ ഭവിഷ്യത്ത് ഏറെയായിരിക്കുമെന്നും റഷ്യ മുന്നറിയിപ്പ് നൽകിയിരുന്നു.

