Thursday, May 2, 2024
spot_img

‘ജീവിതത്തിൽ ഗുരുതരമായ തെറ്റുകൾ വരുത്തിയ പ്രതിഭയുള്ള വ്യക്തി’ ! വാഗ്നർ കൂലിപ്പട്ടാള തലവൻ യെവ്ഗെനി പ്രിഗോഷിന്‍റെ മരണത്തിൽ മൗനം വെടിഞ്ഞ് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുട്ടിൻ

മോസ്കോ : വാഗ്നർ കൂലിപ്പട്ടാള തലവൻ യെവ്ഗെനി പ്രിഗോഷിന്‍റെ മരണത്തിൽ മൗനം വെടിഞ്ഞ് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുട്ടിൻ. ‘ജീവിതത്തിൽ ഗുരുതരമായ തെറ്റുകൾ വരുത്തിയ പ്രതിഭയുള്ള വ്യക്തി’ എന്നാണ് പ്രിഗോഷിനെ പുട്ടിൻ വിശേഷിപ്പിച്ചത്. വിമാനത്തിൽ ഉണ്ടായിരുന്ന 10 പേരുടെ കുടുംബങ്ങളോടും തന്‍റെ അനുശോചനം അറിയിക്കുന്നതായും പുട്ടിൻ പ്രസ്താവനയിൽ അറിയിച്ചു.

ഇക്കഴിഞ്ഞ ബുധനാഴ്ച റഷ്യൻ സമയം വൈകുന്നേരം 6.19ഓടെയാണ് പ്രിഗോഷിൻ അടക്കം 10 പേർ സഞ്ചരിച്ചിരുന്ന എംബ്രായർ ലെഗസി 600 എക്സിക്യൂട്ടിവ് ജെറ്റ് തകർന്നുവീണത്. അതുവരെ പ്രശ്നങ്ങളൊന്നുമില്ലാതെ പറന്ന വിമാനം 30 സെക്കൻഡിനകമാണ് 28,000 അടിയിൽനിന്ന് കൂപ്പുകുത്തിയത്.

ചെറു യാത്രാ വിമാനം തകർന്നുവീണത് മുതൽ പ്രിഗോഷിൻ മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന സംശയം ഉയർന്നിരുന്നു. പിന്നീട് പെന്‍റഗൺ വക്താവാണ് പ്രിഗോഷിൻ അപകടത്തിൽ കൊല്ലപ്പെട്ടതായി കരുതുന്നുവെന്ന് വ്യക്തമാക്കിയത്. വ്ളാഡിമിർ പുട്ടിനെതിരായ നീക്കത്തിന് ശേഷം പ്രിഗോഷിന്റെ മരണം പലരും പ്രവചിക്കപ്പെട്ടുവെങ്കിലും ഇന്നലെ നടന്ന സംഭവത്തെ അപ്രതീക്ഷിതമെന്നേ പറയാനാകൂ. കുറച്ചു ദിവസത്തെ അജ്ഞാത വാസത്തിന് ശേഷം പുറത്ത് വിട്ട വീഡിയോയിൽ നിന്ന് പ്രിഗോഷിനുള്ളത് ആഫ്രിക്കയിലാണെന്ന വിശ്വാസത്തിലായിരുന്നു ലോകം. ഇതിനിടെയാണ് റഷ്യയിൽ നിന്നുള്ള അപ്രതീക്ഷിത മരണവാർത്ത.

‘‘ആ വിമാനം തിവീർ മേഖലയിൽ തകർന്നു. അതില്‍ യെവ്ഗിനി പ്രിഗോഷിനും ഉൾപ്പെടുന്നു.’’– ഇത്രമാത്രമാണ് റഷ്യന്‍ വ്യോമയാന ഏജൻസി റൊസാവിയാറ്റ്സ്യ പുറത്തുവിട്ട റിപ്പോർട്ടിലുള്ളത്. വിമാനത്തിലെ യാത്രക്കാരുടെ പട്ടികയിൽ പ്രിഗോഷിന്റെ പേരും ഉൾപ്പെട്ടിരുന്നു. പ്രിഗോഷിൻ ഉൾപ്പെടെ പത്തുപേർ വിമാനത്തിലുണ്ടായിരുന്നു എന്നാണു വിവരം. വിമാനം താഴെയിറങ്ങുന്നതിനിടെയായിരുന്നു തീപിടിച്ചു തകർന്നത്.

ആരാണ് യെവ്ഗിനി പ്രിഗോഷിൻ?

റഷ്യൻ കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പിന്റെ തലവൻ എന്ന നിലയിലാണ് യെവ്ഗിനി പ്രിഗോഷിനെ ലോകമറിയുന്നത്. എന്നാൽ അതിലുമുപരി റഷ്യയിലെ ശതകോടീശ്വരന്മാരിൽ ഒരാളാണ്. ഒരു കാലത്ത് പുട്ടിൻ തന്റെ നിഴൽ പോലെ അയാളെ വിശ്വസിച്ചിരുന്നു. നിരവധി കേസുകളിൽപ്പെട്ട് 9 വർഷത്തോളം ജയിൽശിക്ഷ അനുഭവിച്ച പ്രിഗോഷിൻ പുറത്തു വന്നയുടൻ ഭാഗ്യം പരീക്ഷിച്ചത് ഭക്ഷ്യ ബിസിനസിലായിരുന്നു. ക്രെംലിനിലെ കേറ്ററിങ് കരാറുകൾ ഏറ്റെടുത്തും സൂപ്പർ മാർക്കറ്റുകളും റസ്റ്ററന്റുകളും തുടങ്ങിയും പ്രിഗോഷിൻ പതിയെ തഴച്ചു വളർന്നു. പുട്ടിൻ റഷ്യൻ പ്രസിഡന്റിന്റെ കസേരയിൽ എത്തിയപ്പോൾ പ്രിഗോഷിന്റെ വളർച്ച പതിന്മടങ്ങായി. ഇതിനിടയിലാണ് വ്യക്തികൾക്കും അവരുടെ പ്രവർത്തനങ്ങൾക്കും സംരക്ഷണം നൽകുന്നതിനായി വാഗ്ന‍ർ ഗ്രൂപ്പ് പ്രിഗോഷിൻ സ്ഥാപിക്കുന്നത്. എന്നാൽ പിന്നീട്, പണം വാങ്ങി യുദ്ധത്തിനും നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കും ആളുകളെ നൽകുന്ന ഏജൻസിയായി ഇവർ മാറി. റഷ്യൻ സൈന്യത്തിന് ഇടപെടാൻ കഴിയാത്ത ഇടങ്ങളിൽ അവർ കരുത്തുകാട്ടിത്തുടങ്ങി. പ്രധാനമായും ഖനിയുടമകളും‌ ധനകാര്യ സ്ഥാപനങ്ങളുമാണ് വാഗ്നർ ഗ്രൂപ്പിന്റെ സേവനം തേടിയെത്തിയത്. എതിരാളികളെ കൈകാര്യം ചെയ്യുന്നതിന് ആയുധങ്ങളുപയോഗിച്ച് തുടങ്ങിയതോടെ സ്വകാര്യ സൈനിക ഗ്രൂപ്പുകൾ മട്ടിലും കെട്ടിലും മാറിത്തുടങ്ങി. താമസിയാതെ റഷ്യയിലെ ചെറു സൈന്യമായി ഇവർ മാറി. റഷ്യയിലെ ജയിലുകളിൽ കഴിയുന്ന കുറ്റവാളികളെ പോലും പ്രിഗോഷിൻ വാഗ്നർ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്തത്. ഇതിന് പുട്ടിന്റെ ആശിർവാദവുമുണ്ടായിരുന്നു.

വിദേശ രാജ്യങ്ങളിലെ റഷ്യൻ ദൗത്യങ്ങൾക്കും വാഗ്നർ കൂലിപ്പടയാളികൾ നിയോഗിക്കപ്പെട്ടു. പശ്ചിമേഷ്യയിൽ റഷ്യയുടെ പല സൈനിക ഇടപെടലുകളിലും വാഗ്നർ കൂലിപ്പടയാളികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. രാജ്യാന്തരതലത്തിലുള്ള സൈനിക നിയമങ്ങളൊന്നും കൂലിപ്പട്ടാളത്തിനു ബാധകമല്ല എന്നത് ശത്രുക്കൾക്കെതിരെ വാഗ്നർ പടയെ നിയോഗിക്കാൻ റഷ്യയെ പ്രേരിപ്പിച്ചു. യുക്രെയ്നിൽ റഷ്യൻ പടയാളികൾക്കൊപ്പം വാഗ്നർ പട്ടാളവും ഇരച്ചു കയറി. എന്നാൽ പലപ്പോഴും റഷ്യയുടെ ഉന്നത സൈനിക ഉദ്യോഗസ്ഥരും പ്രിഗോഷിനും തമ്മിൽ നല്ല ബന്ധമല്ല ഉണ്ടായിരുന്നത്. ഈ സ്വരച്ചേർച്ചയില്ലായ്മയാണ് ഒടുവിൽ വിമത നീക്കത്തിലെത്തിച്ചത് എന്നാണ് കരുതുന്നത്. ബെലറൂസ് പ്രസിഡന്‍റ് ഇടപെട്ട് നടത്തിയ ചർച്ചകൾക്കൊടുവിലാണ് കൂലിപ്പടയാളികൾ പിൻവാങ്ങിയിരുന്നത്. പ്രിഗോഷിന് ബെലറൂസിൽ രാഷ്ട്രീയ അഭയവും നൽകിയിരുന്നു. ബെലറൂസിലേക്ക് പോകാൻ പ്രിഗോഷിൻ ഉപയോഗിച്ച അതേ വിമാനമാണ് തകർന്നുവീണത്.

Related Articles

Latest Articles