Wednesday, May 22, 2024
spot_img

റഷ്യൻ പേടകം ലൂണ-25; വിക്ഷേപണം നാളെ പുലർച്ചെ 4.40-ന്; സോഫ്റ്റ് ലാൻഡിംഗ് ചന്ദ്രയാൻ-3യ്ക്ക് കിലോമീറ്ററുകൾ അപ്പുറം

50 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ലൂണ-25 വിക്ഷേപിക്കാനൊരുങ്ങി റഷ്യ. വോസ്‌റ്റോച്‌നി കോസ്‌മോഡ്രോമിൽ നിന്ന് നാളെ പുലർച്ചെ 4.40-ന് ലൂണ-25 വിക്ഷേപിക്കും. ഓഗസ്റ്റ് 21-നോ 22-നോ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന തരത്തിലാണ് ലൂണ-25ന്റെ വിക്ഷേപണം. ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗ് ചെയ്യുന്നതിന് കിലോമീറ്ററുകൾ അപ്പുറമായിരിക്കും ലൂണ-25 ലാൻഡ് ചെയ്യുക.

ബഹിരാകാശത്തുള്ള പ്രയത്‌നങ്ങൾ വീണ്ടെടുക്കുന്നതിന് വേണ്ടിയുള്ള തുടക്കം എന്ന നിലയിലാണ് ലൂണ-25 റഷ്യയിൽ നിന്ന് വിക്ഷേപണത്തിനൊരുങ്ങുന്നത്. 1976-ലായിരുന്നു റഷ്യ ഏറ്റവും ഒടുവിൽ ചാന്ദ്ര ദൗത്യം നടപ്പിലാക്കിയത്. സോയൂസ് റോക്കറ്റിൽ വിക്ഷേപണം നടത്തുന്ന ലൂണ-25 അഞ്ച് ദിവസം കൊണ്ട് ചന്ദ്രന്റെ ആകർഷണവലയത്തിൽ എത്തും. ഏഴ് ദിവസം കൊണ്ടാണ് ചന്ദ്രനിൽ ലാൻഡിംഗ് സാദ്ധ്യമാകുക.

പ്രൊപ്പൽഷൻ ടാങ്ക്, സോളാർ പാനൽ, ആശയവിനിമയ ഉപകരണങ്ങൾ, കമ്പ്യൂട്ടറുകൾ, ശാസ്ത്രീയ ഉപകരണങ്ങൾ എന്നിവയാണ് ലൂണയിൽ ഉള്ളത്. ഇന്ത്യയുടെ ചന്ദ്രയാൻ-3യും ദക്ഷിണധ്രുവത്തിലാണ് സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നത്. എന്നാൽ ഇവ രണ്ടും രണ്ട് വ്യത്യസ്ത മേഖലകളിലാകും ഇരു പേടകങ്ങളും ഇറങ്ങുക എന്നാണ് റഷ്യൻ ബഹിരാകാശ ഏജൻസി റോസ്‌കോസ്‌മോസിന്റെ അവകാശവാദം. ചന്ദ്രനിലെ താപചാലകത, താപവ്യതിയാനം എന്നിവയാണ് ചന്ദ്രയാൻ-3യുടെ പഠനലക്ഷ്യങ്ങൾ. ചന്ദ്രന്റെ ആന്തരിക ഘടന, ജലസാന്നിദ്ധ്യം എന്നിവ സംബന്ധിച്ച ഗവേഷണമാണ് ലൂണ-25 ലക്ഷ്യം വെയ്‌ക്കുന്നത്. റഷ്യൻ പേടകം ഒരു വർഷത്തോളം ചന്ദ്രോപരിതലത്തിൽ തുടരും.

Related Articles

Latest Articles