Saturday, May 18, 2024
spot_img

ശബരിമല വിമാനത്താവള പദ്ധതിയുമായി ഇടത് സര്‍ക്കാര്‍ വീണ്ടും രംഗത്ത്; ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കും; തര്‍ക്കഭൂമി സ്വന്തമാക്കാന്‍ നിയമനടപടി

തിരുവനന്തപുരം: ഒരിടവേളയ്ക്കു ശേഷം ശബരിമല വിമാനത്താവള പദ്ധതിയുമായി വീണ്ടും ഇടതുസര്‍ക്കാര്‍ രംഗത്ത്. ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് മുടങ്ങിപ്പോയ പദ്ധതിയാണ് ഇപ്പോള്‍ വീണ്ടുമൊരു മണ്ഡലകാലം വരാനിരിക്കെ സജീവമാക്കുന്നത്. വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തര്‍ക്കഭൂമി ഏറ്റെടുക്കുന്നതിനുള്ള നിയമപരമായ മാര്‍ഗങ്ങള്‍ തേടാനും കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ശബരിമല വിമാനത്താവളത്തിനുള്ള സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ഉന്നതതല യോഗത്തില്‍ തീരുമാനമായി.

നടപടികള്‍ വേഗത്തിലാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ സെക്ഷന്‍ 77 അനുസരിച്ച് കോടതിയില്‍ നഷ്ടപരിഹാരത്തുക കെട്ടിവെച്ചാണ് ഭൂമി ഏറ്റെടുക്കുക. റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരനും റവന്യൂ സെക്രട്ടറിയും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

നേരത്തേ, വിമാനത്താവള പദ്ധതി ഏകോപനത്തിന് സ്‌പെഷല്‍ ഓഫിസറെ ഉടന്‍ നിയമിക്കും. സ്‌പെഷല്‍ ഓഫിസറെ കണ്ടെത്താന്‍ മുന്‍ കേന്ദ്ര ഏവിയേഷന്‍ സെക്രട്ടറി എം. മാധവന്‍ നമ്പ്യാര്‍ അധ്യക്ഷനായി സെര്‍ച് കമ്മിറ്റി രൂപവല്‍ക്കരിച്ചിരുന്നു. വിമാനത്താവളത്തിനു കണ്ടെത്തിയ എരുമേലി ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച നിയമപ്രശ്‌നം പരിഹരിക്കപ്പെടാത്തതിനാല്‍ തുടര്‍നടപടികള്‍ സ്തംഭിച്ച സാഹചര്യത്തിലാണ് സ്‌പെഷല്‍ ഓഫിസറെ നിയമിച്ചത്.

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് കൗണ്‍സിലിന്റെ അധീനതയിലാണ് 2262 ഏക്കര്‍ വരുന്ന എസ്റ്റേറ്റ്. വിമാനത്താവളത്തിനായി സാധ്യതാപഠനം നടത്തിയ ലൂയി ബ്ഗര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇപ്പോഴും നിയമവകുപ്പിന്റെ പരിഗണനയിലാണ്. ഭൂമി സര്‍ക്കാരിന്റെ ഉടമസ്ഥതയിലല്ലാത്തതിനാല്‍ മണ്ണുപരിശോധനയും പരിസ്ഥിതി ആഘാതപഠനവും നടത്താനായിട്ടില്ല.

അതേസമയം, ശബരിമല വിമാനത്താവള പദ്ധതിക്കായി ചെറുവള്ളി എസ്റ്റേറ്റ് വിട്ടുനല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ബിലീവേഴ്‌സ് ചര്‍ച്ച് കൗണ്‍സില്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കോടതി ഉത്തരവ് പ്രകാരം എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥത ബിലീവേഴ്‌സ് ചര്‍ച്ചിന് തന്നെയാണ്. എസ്റ്റേറ്റ് ഭൂമി വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ച സര്‍ക്കാരുമായി നടത്തിയിട്ടില്ല.

ബിലിവേഴ്‌സ് ചര്‍ച്ച് സ്വന്തം നിലക്ക് വിമാനത്താവളം കൊണ്ടുവരാന്‍ ശ്രമിക്കുന്നുമില്ല. ഇത്തരം പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നായിരുന്നു സഭയുടെ പ്രതികരണം. 2263 ഏക്കര്‍ വരുന്ന ചെറുവള്ളി എസ്റ്റേറ്റ് ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്‍സില്‍ നിന്ന് ബിലീവേഴ്‌സ് ചര്‍ച്ച് വാങ്ങുകയായിരുന്നു. കൈമാറ്റം നിയമവിരുദ്ധമാണെന്ന് കാണിച്ച് സംസ്ഥാനസര്‍ക്കാര്‍ കോടതിയെ സമീച്ചെങ്കിലും വിധി ചര്‍ച്ചിന് അനുകൂലമാവുകയായിരുന്നു. ഇതു വീണ്ടും നിയമപോരാട്ടത്തിലേക്ക് മാറുകയായിരുന്നു.

Related Articles

Latest Articles