കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രധാന പ്രതികളുടെ 1.3 കോടി രൂപയുടെ ആസ്തി മരവിപ്പിച്ച് ഇഡി. കേസിലെ പ്രധാന പ്രതികളുടെ സ്വത്തുക്കളാണ് മരവിപ്പിച്ചത്. ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി. സ്മാർട്ട് ക്രിയേഷനിൽ നിന്ന് 100 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തെന്നും ഇഡി അറിയിച്ചു. സ്വർണ്ണം ചെമ്പാക്കിയ രേഖയും റെയ്ഡില്‍ കണ്ടെത്തിയെന്ന് ഇഡി അറിയിക്കുന്നു. ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്നാണ് രേഖകൾ പിടിച്ചെടുത്തത്. ഓപ്പറേഷൻ ഗോൾഡൻ ഷാഡോ എന്ന പേരിലായിരുന്നു ഇന്നലെ ഇഡി വ്യാപക റെയ്ഡ് നടത്തിയത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുതിർന്ന ഉദ്യോഗസ്ഥർ, മുൻ ക്ഷേത്ര ഭരണാധികാരികൾ, സ്വകാര്യ സ്പോൺസർമാർ, ജ്വല്ലറികൾ എന്നിവർ ഉൾപ്പെട്ട ആസൂത്രിതമായ ക്രിമിനൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കേരള പോലീസ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇഡി അന്വേഷണം.
ദ്വാരപാലക വിഗ്രഹ ഘടകങ്ങൾ, പീഠങ്ങൾ, ശ്രീകോവിലിന്റെ വാതിൽ ഫ്രെയിം പാനലുകൾ എന്നിവയുൾപ്പെടെ ക്ഷേത്രത്തിലെ പവിത്രമായ സ്വർണ്ണം പൂശിയ വസ്തുക്കൾ ഔദ്യോഗിക രേഖകളിൽ വെറും ‘ചെമ്പ് തകിടുകൾ’ ആണെന്ന് മനപ്പൂർവം തെറ്റായി രേഖപ്പെടുത്തി, 2019-2025 കാലയളവിൽ ക്ഷേത്ര പരിസരത്തുനിന്ന് അനധികൃതമായി മാറ്റിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി ഇഡി പറയുന്നു.ശബരിമല ക്ഷേത്രത്തിലെ മറ്റ് സാമ്പത്തിക ക്രമക്കേടുകളുടെയും അഴിമതികളുടെയും സൂചനകൾ അന്വേഷണത്തിൽ വെളിച്ചത്തുവന്നിട്ടുണ്ട്. ക്ഷേത്ര വഴിപാടുകളും ആചാരങ്ങളുമായി ബന്ധപ്പെട്ട ദുരുപയോഗവും ഇതിൽ ഉൾപ്പെടുന്നു, ഇവയും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിനു കീഴിൽ പരിശോധിക്കുന്നതായും ഇഡി വ്യക്തമാക്കി.

