Wednesday, December 17, 2025

ശബരിമല സ്വർണ്ണക്കൊള്ള ! സിപിഎം നേതാവ് എ. പത്മകുമാർ 14 ദിവസം റിമാൻഡിൽ !തിരുവനന്തപുരം സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റും

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍പ്രസിഡന്റും മുൻ കോന്നി എംഎൽഎയും പ്രമുഖ സിപിഎം നേതാവുമായ എ. പത്മകുമാർ 14 ദിവസം റിമാന്‍ഡിൽ. ഇന്ന് വൈകുന്നേരം മൂന്നുമണിയോടെ എസ്‌ഐടി പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പിന്നാലെയാണ് റിമാന്‍ഡ് ചെയ്തത്. കൊല്ലം വിജിലന്‍സ് കോടതിയിലേക്ക് കേസ് മാറ്റിയിരുന്നു. വിജിലന്‍സ് ജഡ്ജിയുടെ വസതിയില്‍ എത്തിച്ചാണ് റിമാന്‍ഡ് ചെയ്യിപ്പിച്ചത്.

പത്മകുമാറിനെ തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റും . ശബരിമല സ്വര്‍ണക്കൊള്ളയുടെ പ്രധാന ആസൂത്രകന്‍ എ. പത്മകുമാര്‍ ആണെന്ന് പ്രത്യേക അന്വേഷണ സംഘം. കേസിൽ അറസ്റ്റിലായവരുടെയെല്ലാം മൊഴികൾ എതിരായതിന് പുറമെ പ്രധാനപ്പെട്ട തെളിവുകള്‍ കിട്ടിയതോടെയാണ് ഉന്നതനായ പത്മകുമാറിന്റെ അറസ്റ്റിലേക്ക് എസ്‌ഐടി നീങ്ങിയത്. ഉണ്ണികൃഷ്ണന്‍ പോറ്റി, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാര്‍, മുന്‍ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായിരുന്ന എന്‍. വാസു തുടങ്ങിയവരാണ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായത്. എന്‍. വാസു ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരിക്കെ പത്മകുമാറായിരുന്നു ബോര്‍ഡ് പ്രസിഡന്റ്.

സ്വര്‍ണക്കൊള്ളയുടെ ഗൂഢാലോചന പത്മകുമാറിന്റെ വീട്ടില്‍ വെച്ചാണ് നടന്നതെന്നാണ് എസ്‌ഐടി പറയുന്നത്. സ്വര്‍ണക്കൊള്ളയിലൂടെ വലിയ തോതില്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ചേര്‍ന്ന് നടത്തിയ ഭൂമിയിടപാടുകളുടെ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. സ്വര്‍ണക്കൊള്ളക്ക് വേണ്ടി ഉണ്ണികൃഷ്ണന്‍ പോറ്റിയും കേസിലെ മറ്റ് ദേവസ്വം ബോര്‍ഡ് മുന്‍ ഉദ്യോഗസ്ഥര്‍ അടക്കമുള്ള പ്രതികള്‍ നീക്കങ്ങൾ നടത്തിയത് എ. പത്മകുമാറിന്റെ തിരക്കഥയനുസരിച്ചാണ് എന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.

Related Articles

Latest Articles