കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ ജയിലിൽ കഴിയുന്ന ദേവസ്വം മുൻ കമ്മീഷ്ണറും പ്രസിഡന്‍റുമായ എൻ. വാസുവിന് സ്വാഭാവിക ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയുടേതാണ് നടപടി. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽ എസ്ഐടി വരുത്തിയ ഗുരുതര വീഴ്ചയാണ് വാസുവിന്റെ ജാമ്യത്തിലേക്ക് നയിച്ചത്. കേസിൽ ജാമ്യം കിട്ടുന്ന അഞ്ചാമത്തെ പ്രതിയാണ് എൻ. വാസു.ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെ മൂന്ന് പ്രതികൾക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. കുറ്റപത്രം നൽകുന്നത് ഇനിയും വൈകിയാൽ കേസിലെ പ്രതിയായ എ പത്മകുമാറും സ്വഭാവിക ജാമ്യം തേടി പുറത്തിറങ്ങും.
അതേസമയം, കേസിലെ പ്രതികളായ പങ്കജ് ഭണ്ഡാരി, ഗോവർദ്ധൻ, കെ എസ് ബൈജു എന്നിവരുടെ റിമാൻഡ് 14 ദിവസത്തേയ്ക്ക് കൂടെ നീട്ടി. എൻ വാസു സമർപ്പിച്ച സ്വാഭാവിക ജാമ്യ ഹർജിയിൽ വാദം പൂര്‍ത്തിയായശേഷമാണ് ഇന്ന് ജാമ്യം അനുവദിച്ചുകൊണ്ട് വിധി പറഞ്ഞത്. അതേസമയം തന്ത്രി കണ്ഠര് രാജീവരുടെ രണ്ട് കേസുകളിലെയും ജാമ്യ ഹർജികളിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. ഈ മാസം 18 നാണ് വിധി പറയുന്നത്.

