Monday, September 21, 2026

അമേരിക്കയിൽ നിന്ന് 500 ബില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങൾ “വാങ്ങിയേക്കും” !! ഇന്ത്യ- അമേരിക്ക വ്യാപാര കരാറിന്റെ വിശദാംശങ്ങളിൽ തിരുത്തലുമായി വൈറ്റ് ഹൗസ്

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാറിന്റെ വിശദാംശങ്ങളിൽ തിരുത്തലുകൾ വരുത്തി വൈറ്റ് ഹൗസ് . ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന അമേരിക്കൻ ഉൽപ്പന്നങ്ങളുടെ പട്ടികയിൽ നിന്ന് പരിപ്പ് വർഗങ്ങളെ ഒഴിവാക്കി. നേരത്തെ പുറത്തിറക്കിയ റിപ്പോർട്ടിൽ അമേരിക്കൻ പരിപ്പ് വർഗങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ കുറയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും, ഇന്ത്യൻ കാർഷിക മേഖലയിലെ ആശങ്കകൾ പരിഗണിച്ചാകാം പുതിയ മാറ്റം വരുത്തിയത്. ഇതോടൊപ്പം, അമേരിക്കയിൽ നിന്ന് 500 ബില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങൾ വാങ്ങുമെന്ന ഉറപ്പിനെ ‘വാങ്ങാൻ ഉദ്ദേശിക്കുന്നു’ എന്ന നിലയിലേക്ക് മയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഊർജ്ജം, വിവരസാങ്കേതിക വിദ്യ, കൽക്കരി തുടങ്ങിയ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിലാണ് ഇന്ത്യ താൽപ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. പരിപ്പ് വർഗങ്ങളെ ഒഴിവാക്കിയെങ്കിലും പഴങ്ങൾ, സോയാബീൻ ഓയിൽ, വൈൻ തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങളുടെ തീരുവ കുറയ്ക്കുന്ന കാര്യത്തിൽ മാറ്റമില്ല. നിലവിൽ കാനഡയും ഓസ്‌ട്രേലിയയുമാണ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ പരിപ്പ് വർഗങ്ങൾ കയറ്റുമതി ചെയ്യുന്നത്. അമേരിക്കയുടെ വിഹിതം താരതമ്യേന കുറവാണെങ്കിലും, പുതിയ കരാറിലെ ഈ മാറ്റം ഇന്ത്യൻ കർഷകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ഈ തിരുത്തലുകൾ വലിയ സ്വാധീനം ചെലുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

Related Articles

Latest Articles