പത്തനംതിട്ട: ശബരിമല സ്വർണ്ണകൊള്ളയുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. ദ്വാരപാലക പാളികളിലെ സ്വർണം കവർന്ന കേസിലാണ് ഇപ്പോൾ കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കട്ടിളപ്പാളി കേസിൽ റിമാൻഡിലാണ് കണ്ഠര് രാജീവര്. ജയിലിൽ എത്തിയാണ് പ്രത്യേക അന്വേഷണ സംഘം തന്ത്രിയെ അറസ്റ്റ് ചെയ്തത്.
സ്വർണക്കൊള്ളയിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചത് അന്നത്തെ തന്ത്രി കണ്ഠര് രാജീവര് ആണെന്ന് മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാർ അടക്കമുള്ളവർ നേരത്തേ മൊഴി നൽകിയിരുന്നു. സ്വർണപ്പാളികളിൽ സ്വർണം കുറഞ്ഞ് ചെമ്പ് തെളിഞ്ഞതിനാൽ സ്വർണം പൂശാൻ കൊണ്ടുപോകാൻ അനുവദിക്കാവുന്നതാണെന്ന കുറിപ്പ് നൽകിയതും കണ്ഠരര് രാജീവരായിരുന്നു. എന്നാൽ, 1998-ൽ സ്വർണം പൊതിഞ്ഞെന്ന വസ്തുത ഈ കുറിപ്പിലുണ്ടായിരുന്നില്ലെന്ന് എസ്‌ഐടി വിലയിരുത്തിയിരുന്നു. ഈ കുറിപ്പിലാണ് പിന്നീട് മുരാരി ബാബു ചെമ്പുപാളികളെന്ന് മാറ്റിയെഴുതിയത്.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നേരത്തേ തന്ത്രി കണ്ഠര് രാജീവരിൽനിന്ന് എസ്‌ഐടി സംഘം മൊഴിയെടുത്തിരുന്നു. പോറ്റിയെ അറിയാമെന്നും എന്നാൽ, ഉദ്യോഗസ്ഥരുടെ നിർദേശം അനുസരിച്ചാണ് കുറിപ്പ് നൽകിയതെന്നുമായിരുന്നു രാജീവരുടെ മൊഴി. അതേസമയം കേസിൽ അറസ്റ്റിലായ മുൻദേവസ്വം ബോർഡ് അംഗം കെ പി ശങ്കരദാസിനെ റിമാൻഡ് ചെയ്തു. സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് റിമാൻഡ് ചെയ്തത്. കുറച്ചു ദിവസങ്ങളായി സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലായിരുന്നു ശങ്കരദാസ്.

