തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ളയിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിലാണ് ചോദ്യം ചെയ്യൽ. കേസിൽ അറസ്റ്റിലായ പ്രതികളുമായി അടൂർ പ്രകാശിന് ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നതെന്നാണ് റിപ്പോർട്ട്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശ് കൂടിക്കാഴ്ച്ച നടത്തിയിരുന്നതായും സമ്മാനങ്ങൾ സ്വീകരിച്ചതായുമുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു.
അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ ഇഡി കേസിൽ പ്രതികളുടെ അറസ്റ്റ് വൈകും. ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നത് അടുത്തയാഴ്ചയാകും. അതേസമയം പ്രതിപ്പട്ടികയിൽ ഇല്ലാത്ത സാക്ഷികളുടെ ചോദ്യം ചെയ്യൽ തുടരും. പോറ്റിയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ഇഡി വിശദമായി പരിശോധിച്ചു. 2017 മുതൽ 2025 വരെയുള്ള സാമ്പത്തിക ഇടപാടാണ് പരിശോധിച്ചത്. തിരുവനന്തപുരത്ത് അടക്കം ഭൂമികൾ വാങ്ങിയതിന്റെ വിശദാംശങ്ങളും ഇ ഡിയ്ക്ക് ലഭിച്ചു. പോറ്റിയുടെ 1.3 കോടി രൂപയുടെ ആസ്തി വകകൾ നേരത്തെ ഇഡി മരവിപ്പിച്ചിട്ടുണ്ട്.

