പത്തനംതിട്ട: ശബരിമലയിലെ പരമ്പരാഗത നിറപുത്തരി മഹോത്സവത്തോടനുബന്ധിച്ചുള്ള പൂജകൾക്കായി ക്ഷേത്രനട ഓഗസ്റ്റ് 2-ന് വൈകിട്ട് 5 മണിക്ക് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി. നട തുറന്ന് ദീപം തെളിയിക്കുന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുക. തുടർന്ന് പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകരും.
ഓഗസ്റ്റ് 3-നാണ് നിറപുത്തരി ചടങ്ങുകൾ നടക്കുക. അന്ന് പുലർച്ചെ 4 മണിക്ക് ഭക്തർക്ക് ദർശനത്തിനായി നട തുറക്കും. രാവിലെ 5.30-ന് പതിനെട്ടാം പടിക്ക് സമീപത്ത് നിന്ന് നെൽകറ്റകൾ പ്രദക്ഷിണമായി ശ്രീകോവിലിന് മുന്നിലെ മണ്ഡപത്തിലേക്ക് കൊണ്ടുവരും.
രാവിലെ 5.40 മുതൽ 6.20 വരെയുള്ള ശുഭമുഹൂർത്തത്തിലാണ് നിറപുത്തരി പൂജകൾ നടക്കുക. തുടർന്ന് പതിവ് പൂജകൾക്ക് ശേഷം വൈകിട്ട് 6.30-ന് പതിനെട്ടാം പടിയിൽ പടിപൂജയും നടക്കും. നിറപുത്തരി ചടങ്ങുകളോട് അനുബന്ധിച്ചുള്ള എല്ലാ പൂജകളും പൂർത്തിയാക്കിയ ശേഷം രാത്രി 10 മണിക്ക് ശബരിമല നട അടയ്ക്കും.
നിറപുത്തരി ദിനത്തിൽ ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ മുൻകൂട്ടി വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ദർശന സ്ലോട്ട് ബുക്ക് ചെയ്യണമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. ഇതിനായി www.sabarimalaonline.org എന്ന ഔദ്യോഗിക വെബ്സൈറ്റ് ഉപയോഗിക്കാവുന്നതാണ്. ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് മുൻകൂട്ടി ബുക്കിംഗ് നടത്തുന്നതാണ് ഉചിതമെന്നും അധികൃതർ നിർദേശിച്ചു.

