ശബരിമല: കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എം.എൻ. പരമേശ്വരൻ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ചു. പുലർച്ചെ അഞ്ച് മണിക്കാണ് നട തുറന്നത്. നിർമ്മാല്യ ദർശത്തിന് ശേഷം പതിവ് അഭിഷേകം നടന്നു. തുടർന്ന് മഹാഗണപതിഹോമവും, നെയ്യഭിഷേകവും നടന്നു.
വെർച്വൽ ക്യൂ ബുക്കിംഗിലൂടെ എത്തിയ ഭക്തർക്ക് പുലർച്ച മുതൽ പ്രവേശനം ആരംഭിച്ചു. 17 വരെയാണ് ഭക്തർക്ക് പ്രവശനം അനുവദിച്ചിരിക്കുന്നത്. ഇതിനു ശേഷം 17ന് നട അടയ്‌ക്കും.
ദിവസവും 15,000 ഭക്തർക്കാണ് പ്രവേശനാനുമതി. ദർശനത്തിന് എത്തുന്നവർ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ, 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ കൈവശം കരുതണം. തിരിച്ചറിയിൽ രേഖയും കൈവശം സൂക്ഷിക്കണം.
ശബരിമലയിൽ 17ാം തിയതി വരെ ഉദയാസ്തമയപൂജ, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവയും ഉണ്ടാകും. 17ന് രാത്രി ഒൻപത് മണിക്ക് നടയടക്കും. ശേഷം മീനമാസ പൂജകൾക്കും ഉത്രം ഉത്സവത്തിനുമായി മാർച്ച് എട്ടിന് ആണ് വീണ്ടും നട തുറക്കുന്നത്.

