Wednesday, September 23, 2026

പ്രാർത്ഥനകൾ വിഫലം; കൃഷ്ണപ്രിയ യാത്രയായത്‌ താൻ ജന്മം നൽകിയ ഇരട്ടകുട്ടികളെ ഒരു നോക്ക് കാണാതെ

കാഞ്ഞിരപ്പള്ളി: ജന്മം നല്‍കിയ ഇരട്ടകുട്ടികളെ ഒരു നോക്ക് കാണാൻ കഴിയാതെ കൃഷ്ണപ്രിയ യാത്രയായി. പ്രസവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ കൃഷ്ണപ്രിയ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു. തമ്പലക്കാട് പാറയില്‍ ഷാജി-അനിത ദമ്പതികളുടെ മകളാണ് 24 കാരിയായ കൃഷ്ണപ്രിയ. കൃഷ്ണപ്രിയയുടെ ചികില്‍സയ്ക്കായി നാട്ടില്‍ സഹായധനം സ്വരൂപിക്കുന്നതിനിടെയാണ് ശനിയാഴ്ചയോടെ മരണം സംഭവിച്ചത്.

ജനുവരി 29നാണ് കൃഷ്ണപ്രിയ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. പിറ്റേന്ന് കൃഷ്ണപ്രിയയ്ക്ക് ശ്വാസംമുട്ടൽ അനുഭവപ്പെടുകയും തുടർന്ന് അബോധാവസ്ഥയിലാകുകയും ആയിരുന്നു. അണുബാധയെത്തുടര്‍ന്ന് രക്ത സമ്മര്‍ദം കുറഞ്ഞ് സെപ്റ്റിക് ഷോക്ക് ഉണ്ടായതായും, ഇത് ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിച്ചുവെന്നുവാണ് പരിശോധനയില്‍ കണ്ടെത്തിയത്.

കൃഷ്ണപ്രിയയുടെ ഭര്‍ത്താവ് മൂവാറ്റുപുഴ സ്വദേശി പ്രവീണ്‍ ഡ്രൈവിംഗ് ജോലികള്‍ ചെയ്താണ് കുടുംബം നോക്കിയിരുന്നത്. കൃഷ്ണപ്രിയയുടെ പിതാവ് ഷാജി ആരോഗ്യപ്രശ്നങ്ങളാല്‍ വലയുകയായിരുന്നു. അമ്മ പശുവിനെ വളര്‍ത്തിയാണ് കുടുംബം നോക്കിയിരുന്നത്. തുടര്‍ന്ന് ചികില്‍സയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോള്‍ നാട്ടുകാര്‍ സഹായിക്കുകയായിരുന്നു. എന്നാൽ കൂടുതൽ കാത്തുനിൽക്കാതെ കൃഷ്ണ പ്രിയ മടങ്ങുകയായിരുന്നു.

Related Articles

Latest Articles