Monday, May 20, 2024
spot_img

ശബരിമല ദര്‍ശനത്തിലെ വിലക്കുകൾ നീങ്ങി; പമ്പ-സന്നിധാനം പരമ്പരാഗത പാതയിലൂടെ സ്വാമിമാർ അയ്യനെക്കാണാൻ എത്തിത്തുടങ്ങി

ശബരിമല: കൊവിഡ്‌ മഹാമാരിയെ തുടർന്ന് ശബരിമലയിലുണ്ടായ നിയന്ത്രണങ്ങൾ നീങ്ങി. പമ്പയില്‍ നിന്നും പരമ്പരാഗത പാതയിലൂടെ തീര്‍ഥാടകര്‍ സന്നിധാനത്ത് എത്തി തുടങ്ങി. ഇന്ന് പുലര്‍ച്ചെ രണ്ടു മുതലാണ് നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം വഴിയുള്ള പാതയിലൂടെ അയ്യപ്പഭക്തന്മാരെ കടത്തി വിടാന്‍ തുടങ്ങിയത്.

പുലര്‍ച്ചെ രണ്ടു മുതല്‍ രാത്രി എട്ടു വരെയാണ് ഇതുവഴി തീര്‍ഥാടകരെ കടത്തിവിടുക. തീര്‍ഥാടകര്‍ക്ക് നീലിമല വഴിയും, സ്വാമി അയ്യപ്പന്‍ റോഡു വഴിയും സന്നിധാനത്തേക്ക് പോകാം. തീര്‍ഥാടകരുടെ ആവശ്യാനുസരണം തീര്‍ഥാടന പാത തെരഞ്ഞെടുക്കാവുന്നതാണ്. മാത്രമല്ല പമ്പയില്‍ സ്നാനത്തിനുള്ള അനുമതി കഴിഞ്ഞ ദിവസം തന്നെ നല്‍കിയിരുന്നു.

മാത്രമല്ല മല കയറുന്ന ഭക്തര്‍ക്കായി പാതയില്‍ ഏഴ് എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളും നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലായി രണ്ട് കാര്‍ഡിയോളജി സെന്ററുകളും പ്രവര്‍ത്തിക്കും. കുടിവെള്ളത്തിനായി 44 കിയോസ്‌കുകളും, ചുക്കുവെള്ള വിതരണ സംവിധാനവും തയാറാക്കിയിട്ടുണ്ട്. 56 ടോയ്‌ലറ്റ് യൂണിറ്റുകളും തയാറായി. അയ്യപ്പസേവാസംഘത്തിന്റെ 40 വോളണ്ടിയര്‍മാര്‍ അടങ്ങുന്ന സ്ട്രച്ചര്‍ യൂണിറ്റുകളും സജ്ജമായി. കെഎസ്ഇബിയുടെ നേതൃത്വത്തില്‍ ലൈറ്റുകള്‍ സ്ഥാപിച്ചു.

പാത തുറന്നതോടെ ആവശ്യമായ പോലീസ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ശബരിമല എഡിഎം അര്‍ജുന്‍ പാണ്ഡ്യന്റെയും പോലീസ് സ്പെഷല്‍ ഓഫീസര്‍ ആര്‍. ആനന്ദിന്റെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘം പരിശോധന നടത്തുന്നുണ്ട്. കാര്യങ്ങള്‍ വിലയിരുത്തി ആവശ്യാനുസരണം വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് എഡിഎം പറഞ്ഞു.

Related Articles

Latest Articles