കോട്ടയം: മീനച്ചിലാറ്റിൽ വട്ടമ്മൂട് പാലത്തിനു സമീപം വെള്ളത്തിൽ വീണ് യുവാവ് മുങ്ങി മരിച്ചു. പുതുപ്പള്ളി മാങ്ങാനം സ്വദേശി ബിജുവിന്റെ മകൻ വിഷ്ണു ആണ് മരിച്ചത്. കോട്ടയം മീനച്ചിലാറ്റിൽ കൊശമറ്റം കടവിൽ ഇന്ന് വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.
സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയ വിഷ്ണു, വെള്ളത്തിൽ ഇറങ്ങിയതിനു പിന്നാലെ മുങ്ങിത്താഴുകയായിരുന്നു. തുടർന്നു, കുളിക്കാൻ വെള്ളത്തിൽ ഇറങ്ങിയതോടെ വിഷ്ണുവിനെ കാണാതാകുകയായിരുന്നു. വെള്ളത്തിൽ മുങ്ങിയതോടെയാണ് വിഷ്ണുവിന് നീന്തൽ അറിയില്ലെന്ന് സുഹൃത്തുക്കൾക്ക് മനസ്സിലായത്. ഇവർ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും മുങ്ങിത്താഴുകയായിരുന്നു.
ഇതേതുടർന്ന് സുഹൃത്തുക്കൾ അഗ്നിരക്ഷാ സേനയിൽ വിവരം അറിയിച്ചു. കോട്ടയം അഗ്നിരക്ഷാ സേനാ അധികൃതർ സ്ഥലത്ത് എത്തി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വിഷ്ണുവിന്റെ മൃതദേഹം വെള്ളത്തിൽ നിന്നും പുറത്തെടുത്തത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

