തിരുവനന്തപുരം: സ്പോട്ട് ബുക്കിംഗ് പുനഃസ്ഥാപിച്ചില്ലെങ്കിൽ ഒരു ബുക്കിങ്ങുമില്ലാതെ സന്നിധാനത്ത് എത്തുമെന്നും ദർശനം നടത്തുമെന്നും പ്രഖ്യാപിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ പ്രസ്താവനയ്ക്ക് പിന്നാലെ സിപിഎമ്മിൽ അങ്കലാപ്പ്. സ്പോട്ട് ബുക്കിംഗ് പുനഃസ്ഥാപിക്കണമെന്ന് പാർട്ടിയുടെ പത്തനംതിട്ട ജില്ലാ ഘടകം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോടാണ് ജില്ലാഘടകം ഈ ആവശ്യം ഉന്നയിച്ചത്. ശബരിമലയെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാതെ സ്പോട്ട് ബുക്കിങ്ങിന്റെ കാര്യത്തിൽ അനുകൂല തീരുമാനം എടുക്കണമെന്ന് സിപിഎം നേതാവും ദേവസ്വംബോർഡ് മുൻ പ്രസിഡന്റുമായ കെ അനന്തഗോപനും സർക്കാരിനോട് ആവശ്യപ്പെട്ടു.
വരുന്ന തീർത്ഥാടനകാലത്ത് ദർശനം പൂർണ്ണമായും അഡ്വാൻസ് ബുക്കിംഗ് വഴിയായിരിക്കുമെന്നും സ്പോട്ട് ബുക്കിംഗ് നിർത്തലാക്കാനും മുഖ്യമന്ത്രി അദ്ധ്യക്ഷനായിരുന്ന ശബരിമല അവലോകന യോഗത്തിൽ തീരുമാനം ഉണ്ടായിരുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. സ്പോട്ട് ബുക്കിംഗ് നിർത്തലാക്കുന്നത് എന്തിന് വേണ്ടിയെന്നോ സ്പോട്ട് ബുക്കിങ് നിർത്തലാക്കിയാൽ അഡ്വാൻസ് ബുക്കിംഗ് ചെയ്യാൻ കഴിയാത്ത ഭക്തർക്ക് ദർശനം എങ്ങനെ സാധ്യമാകുമെന്നോ വിശദീകരിക്കാൻ സർക്കാരിനോ ദേവസ്വം ബോർഡിനോ സാധിച്ചിട്ടില്ല. ഒരാളും ദർശനം കിട്ടാതെ മടങ്ങിപ്പോവില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് വി കെ പ്രശാന്ത് പറഞ്ഞെങ്കിലും വ്യക്തത വന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രസ്‌താവന. 2018 നെ ഓർമ്മിപ്പിക്കും വിധമായിരുന്നു അന്നത്തെ സമരനായകൻ കൂടിയായിരുന്ന കെ സുരേന്ദ്രന്റെ പ്രസ്താവന.

