Thursday, October 1, 2026

ദുർഗാ പൂജയ്ക്കിടെ ബംഗ്ലാദേശിൽ കാളിക്ഷേത്രത്തിലെ കിരീടം മോഷണം പോയതിൽ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം; ന്യുനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യം; കിരീടം സമർപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി: ദുർഗ്ഗാപൂജ സമയത്ത് ബംഗ്ലാദേശിൽ പ്രസിദ്ധമായ കാളീക്ഷേത്രത്തിലെ ദേവിയുടെ കിരീടം മോഷണം പോയതിൽ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ബംഗ്ലാദേശിലെ പ്രസിദ്ധമായ ജെഷോരേശ്വരി ക്ഷേത്രത്തിലെ കാളീ വിഗ്രഹത്തിലെ കിരീടമാണ് മോഷണം പോയത്. 2021 ൽ ബംഗ്ലാദേശ് സന്ദർശനകാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്‌ ഈ കിരീടം സമർപ്പിച്ചത്, സ്വർണ്ണം പൊതിഞ്ഞ വെള്ളി വിഗ്രഹമാണ് അന്ന് അദ്ദേഹം ക്ഷേത്രത്തിൽ സമർപ്പിച്ചത്. വിഗ്രഹം മോഷ്ടിക്കുന്ന മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ ലഭിച്ചിരുന്നു. എന്നിട്ടും അക്രമികളെ അറസ്റ്റ് ചെയ്യാത്തതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ധാക്കയിലെ ഒരു കാളീപൂജാ മണ്ഡപത്തിനുനേരെ പെട്രോൾ ബോംബാക്രമണവും നടന്നിരുന്നു. ഈ രണ്ട് സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിദേശകാര്യമന്ത്രാലയം പ്രതിഷേധം അറിയിച്ചത്.

ന്യുനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ബംഗ്ലാദേശ് ഇടക്കാല സർക്കാരിനോട് ആവശ്യപ്പെട്ടു. ബംഗ്ലാദേശിൽ തെരഞ്ഞെടുക്കപ്പെട്ട ഷെയ്ഖ് ഹസീന സർക്കാറിനെ പുറത്താക്കിയതിന് ശേഷം ഹിന്ദുക്കൾ അടങ്ങുന്ന മതന്യുനപക്ഷങ്ങൾക്ക് നേരെ വ്യാപകമായ ആക്രമണം നടന്നിരുന്നു. ഹിന്ദുക്കളുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും ക്ഷേത്രങ്ങളും വ്യാപകമായി ആക്രമിക്കപ്പെട്ടു. വർഷംതോറും നടന്നുവരാറുള്ള ദുർഗ്ഗാപൂജാ ആഘോഷങ്ങൾ നിരോധിക്കണമെന്ന് ഇസ്ലാമിസ്റ്റുകൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പലർക്കും ദുർഗ്ഗാ പൂജാ ചടങ്ങുകൾ വീടുകളിൽ മാത്രമായി പരിമിതപ്പെടുത്തേണ്ടിവന്നു. ഈ സാഹചര്യത്തിലാണ് പ്രശസ്തമായ കാളീക്ഷേത്രത്തിൽ നിന്നും കിരീടം മോഷണം പോകുന്നതും.

Related Articles

Latest Articles