പത്തനംതിട്ട: ചിങ്ങമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട ആഗസ്റ്റ് 16ന് വൈകിട്ട് 5 മണിക്ക് തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി. നട തുറന്ന് ദീപം തെളിയിക്കും. തുടർന്ന് പതിനെട്ടാംപടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകരും.
ചിങ്ങം ഒന്നായ ആഗസ്റ്റ് 17ന് പുലർച്ചെ 5 മണിക്ക് ഭക്തർക്ക് ദർശനത്തിനായി നട തുറക്കും. അന്നേദിവസം രാവിലെ ഉഷപൂജയ്ക്ക് ശേഷമാണ് ശബരിമലയിലെ ഉൾക്കഴകത്തെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കുക. മേൽശാന്തിയെ പൂജാകാര്യങ്ങളിൽ സഹായിക്കുകയാണ് ഉൾക്കഴകത്തിന്റെ പ്രധാന ചുമതല.
ചിങ്ങമാസ പൂജകളുടെ ഭാഗമായി ചിങ്ങം ഒന്നുമുതൽ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാംപടിയിൽ പടിപൂജയും നടക്കും. പൂജകൾ പൂർത്തിയാക്കി ആഗസ്റ്റ് 21ന് രാത്രി 10 മണിക്ക് ശബരിമല നട അടയ്ക്കും.
തുടർന്ന് ഓണവുമായി ബന്ധപ്പെട്ട പൂജകൾക്കായി ആഗസ്റ്റ് 24ന് വീണ്ടും ശബരിമല നട തുറക്കും. ചിങ്ങമാസ പൂജകൾക്കായി ശബരിമല ദർശനത്തിന് എത്താൻ ആഗ്രഹിക്കുന്ന ഭക്തർ വെർച്വൽ ക്യൂ സംവിധാനത്തിലൂടെ മുൻകൂട്ടി സ്ലോട്ട് ബുക്ക് ചെയ്യണം. ഇതിനായി www.sabarimalaonline.org എന്ന വെബ്സൈറ്റ് വഴി ദർശനസ്ലോട്ട് ഉറപ്പാക്കാം.

