Tuesday, May 21, 2024
spot_img

മേടമാസ വിഷു പൂജകൾക്കായി ശബരിമല നട തുറന്നു; ഭക്തർക്ക് ദർശനം നാളെ മുതൽ; 15 ന് വിഷുക്കണി ദർശനം

പത്തനംതിട്ട: മേടമാസ – വിഷു പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുറന്നു. വൈകുന്നേരം അഞ്ച് മണിക്ക് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു. ശേഷം ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിക്കുകയായിരുന്നു.

ഇന്ന് ഭക്തർക്ക് പ്രവേശനമില്ല. നാളെ പുലർച്ചെ 5 മണിക്ക് ക്ഷേത്ര നട തുറക്കും. തുടർന്ന് പതിവ് അഭിഷേകവും പൂജകളും നടക്കും. നാളെ മുതൽ 18 ന് രാത്രിയിൽ മേടമാസ പൂജ പൂർത്തിയാകുന്നതു വരെ ഭക്തർക്ക് ദർശനം നടത്താം.

ഇത്തവണ മേടം രണ്ടായ 15 ന് പുലർച്ചെയാണ് വിഷുക്കണി ദർശനം. 15ന് പുലർച്ചെ വിഷുക്കണി ആദ്യം അയ്യപ്പനെ കണി കാണിക്കും. ഇതിനു ശേഷമാകും തീർത്ഥാടകർക്ക് വിഷുക്കണി ദർശനം അനുവദിക്കുക. 15 ന് തന്ത്രി മഹേഷ് മോഹനരും മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരിയും ഭക്തർക്ക് വിഷുക്കൈനീട്ടം നൽകും. 18 ന് രാത്രി ഹരിവരാസനം പാടി തിരുനട അടയ്ക്കും.

അതേസമയം തന്നെ ശബരിമല, പമ്പ ക്ഷേത്രങ്ങളിൽ ദേവസ്വം ബോർഡ് നിശ്ചയിച്ച പുതുക്കിയ വഴിപാട് നിരക്കുകൾ ഇന്ന് നിലവിൽ വരും. വഴിപാട് പ്രസാദങ്ങളായ അപ്പം, അരവണ എന്നിവയ്ക്ക് 10 മുതൽ 20 രൂപ വരെ വർധിച്ചു. സ്നാനത്തിന് പമ്പയിൽ ജലനിരപ്പ് കുറവാണെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കുളളാർ അണക്കെട്ടിൽ നിന്ന് വെള്ളം എത്തിക്കാനാണ് അധികൃതരുടെ തീരുമാനം.

Related Articles

Latest Articles