Sunday, October 4, 2026

ശബരിമല യുവതീ പ്രവേശനം: ‘അവിശ്വാസികൾ എന്തിന് ഇടപെടണം?’; കേസിൽ സുപ്രധാന നിരീക്ഷണവുമായി ജസ്റ്റിസ് നാഗരത്ന

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹർജികൾ പരിഗണിക്കുന്ന സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിൽ നാടകീയ നീക്കങ്ങൾ. കേസിൽ ഹർജി നൽകിയവർ വിശ്വാസികളല്ലെന്നും അങ്ങനെയുള്ളവരുടെ ഹർജികൾ കോടതി എന്തിന് കേൾക്കണമെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന ചോദിച്ചു. യുവതി പ്രവേശനത്തിനായുള്ള പൊതുതാൽപര്യ ഹർജികൾ കോടതി സ്വീകരിക്കാനേ പാടില്ലായിരുന്നുവെന്നും ജസ്റ്റിസ് നിരീക്ഷിച്ചു.

വിശ്വാസികൾ അല്ലാത്തവർ മതാചാരങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ നൽകേണ്ടതില്ലെന്ന് ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. “സ്ത്രീകൾക്ക് പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട് ഏതെങ്കിലും അയ്യപ്പ വിശ്വാസി ഹർജി നൽകിയിട്ടുണ്ടോ? പല അജണ്ടകളുമായി എത്തുന്നവരാണ് ഇത്തരം പൊതുതാൽപര്യ ഹർജികൾക്ക് പിന്നിൽ. അവിശ്വാസികൾ എങ്ങനെയാണ് ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നത്?” എന്നും അവർ ചോദിച്ചു. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം പുനപരിശോധനാ വിധിയെ ബാധിക്കുമെന്ന് ചീഫ് ജസ്റ്റിസും കൂട്ടിച്ചേർത്തു.

ആചാരങ്ങൾ അന്ധവിശ്വാസമോ? കേന്ദ്രവും കോടതിയും തമ്മിൽ വാദപ്രതിവാദം
ചില ആചാരങ്ങൾ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാൻ കോടതിക്ക് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് നേരത്തെ നിരീക്ഷിച്ചിരുന്നു. എന്നാൽ ഇതിനെ കേന്ദ്ര സർക്കാർ ശക്തമായി എതിർത്തു. ഒരു മതാചാരത്തെ മാത്രം ‘അന്ധവിശ്വാസം’ എന്ന് വിധിക്കാൻ കോടതിക്ക് കഴിയില്ലെന്നും അതിനുള്ള പണ്ഡിതപരമായ പരിജ്ഞാനം കോടതികൾക്കില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.

എന്നാൽ, മന്ത്രവാദം പോലുള്ളവ മതാചാരമായി കാണാനാകുമോ എന്നും മനുഷ്യബലി പോലുള്ളവ നടന്നാൽ കോടതിക്ക് ഇടപെടേണ്ടി വരും എന്നും ചീഫ് ജസ്റ്റിസ് തിരിച്ചുചോദിച്ചു. പൊതു ക്രമത്തെയും ധാർമ്മികതയെയും ബാധിക്കുന്ന ആചാരങ്ങളിൽ കോടതിക്ക് ഇടപെടാമെന്ന് ജസ്റ്റിസ് നാഗരത്നയും വ്യക്തമാക്കി.

ക്ഷേത്രങ്ങളിൽ പൂജാരിമാരെ നിയമിക്കേണ്ടത് അതിന് യോഗ്യതയുള്ളവരാണെന്നും അതിൽ സർക്കാരിന് കൈകടത്താൻ അധികാരമില്ലെന്നും കേന്ദ്രം വാദിച്ചു. ദേവനെ സ്പർശിക്കാനും കർമ്മങ്ങൾ ചെയ്യാനും പ്രത്യേക പരിജ്ഞാനമുള്ളവരെ മാത്രമേ മതവിഭാഗങ്ങൾ അംഗീകരിക്കൂ. ശബരിമലയിലെ ആചാരങ്ങൾ ലിംഗവിവേചനമല്ലെന്നും അതിനെ തൊട്ടുകൂടായ്മയായി കാണരുതെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. നേരത്തെ യുവതി പ്രവേശനത്തിന് അനുകൂലമായി നൽകിയ അഞ്ചംഗ ബെഞ്ചിന്റെ വിധി തെറ്റാണെന്നും അത് തിരുത്തണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.

കേസിൽ നാളെ സീനിയോറിറ്റി അടിസ്ഥാനത്തിൽ വാദം തുടരും. ഒമ്പതംഗ ബെഞ്ചിന്റെ ഈ നിരീക്ഷണങ്ങൾ ശബരിമല വിധിയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചേക്കുമെന്നാണ് നിയമവിദഗ്ധർ കരുതുന്നത്.

Related Articles

Latest Articles