തിരുവനന്തപുരം: കൊച്ചാര്‍ റോഡിലെ ജില്ലാ ഇലക്‌ട്രിക്കല്‍സ് ആന്‍ഡ് ഇലക്‌ട്രോണിക്‌സ് ടെക്‌നീഷ്യന്‍സ് സഹകരണ സംഘത്തിന്റെ മറവില്‍ കോടികള്‍ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതികള്‍ പിടിയിലായി. സംഘം ഓണററി സെക്രട്ടറി ലേഖ പി. നായര്‍, ഇവരുടെ ഭര്‍ത്താവും ഭരണസമിതി അംഗവുമായ കൃഷ്ണകുമാര്‍ എന്നിവരെയാണ് ഫോര്‍ട്ട് പോലീസ് പിടികൂടിയത്.
ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സംഘത്തിലെ നിക്ഷേപ പദ്ധതികളില്‍ നിന്ന് വ്യാജരേഖ ചമച്ച് കോടികള്‍ തട്ടിയെന്നാണ് പരാതി ഉയര്‍ന്നത്. ഇവര്‍ പിടിയിലായതറിഞ്ഞ് കൂടുതല്‍പേര്‍ പരാതിയുമായെത്തി. പലരില്‍ നിന്നായി 4.5കോടിയോളം രൂപ തട്ടിയെടുന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തെക്കുറിച്ച് പോലീസ് പറഞ്ഞത്; പ്രതിമാസ നിക്ഷേപ പദ്ധതിയില്‍ നിന്നുമാത്രം 80 ലക്ഷം രൂപ ഇവര്‍ തട്ടിയെടുത്തെന്നാണ് അസി. രജിസ്ട്രാര്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. സേവിംഗ്സ് നിക്ഷേപകരുടെ അക്കൗണ്ടുകളില്‍ നിന്ന് നിക്ഷേപകര്‍ അറിയാതെ 2.24 ലക്ഷം രൂപയും തട്ടിയെടുത്തു. സ്ഥിരനിക്ഷേപമില്ലാത്തവര്‍ക്ക് സ്ഥിര നിക്ഷേപത്തില്‍ നിന്ന് ലോണ്‍ നല്‍കിയതായി കാണിച്ചും പണം തട്ടിയെടുത്തിട്ടുണ്ട്.
യാതൊരു ഈടുമില്ലാതെയാണ് ഇവര്‍ പണം കൈക്കലാക്കിയത്. പ്രവര്‍ത്തനം തുടങ്ങിയ 2013 മുതല്‍ ഭരണസമിതി യോഗം ചേരാതെ സഹകരണ സംഘം രജിസ്ട്രാറുടെ സര്‍ക്കുലറിന് വിരുദ്ധമായാണ് പ്രവര്‍ത്തിച്ചിരുന്നത്. കേസില്‍ പ്രതികളായ അഞ്ച് ഭരണസമിതി അംഗങ്ങള്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.

