മുംബൈ : മോഷ്ടാവിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ബോളിവുഡ് താരം സെയ്ഫ് അലിഖാന് ദ്രുതഗതിയിൽ ഇൻഷുറൻസ് അനുവദിച്ചതിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ ഓഫ് മെഡിക്കൽ കൺസൾട്ടൻ്റ്സ് (എഎംസി). നടൻ, അപേക്ഷ സമർപ്പിച്ച് മണിക്കൂറുകൾക്കകം ക്ലെയിം അനുവദിച്ചതിൽ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻ്റ് അതോറിറ്റി അന്വേഷണം നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.
സാധാരണക്കാർക്ക് ഇത്രയും വേഗതയിൽ ഇൻഷുറൻസ് ക്ലെയിമുകൾ ലഭിക്കാറില്ല. ഈ രീതിയിൽ ക്ലെയിം അനുവദിക്കുന്നതോടെ ഉന്നതർക്കും സെലിബ്രിറ്റികൾക്കും കൃത്യമായ ചികിത്സ ലഭ്യമാകുന്നു. ഇത് ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിൽ അസമത്വമുണ്ടാക്കുന്നുവെന്നും ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റിക്ക് അയച്ച് കത്തിൽ സംഘടന ചൂണ്ടിക്കാട്ടുന്നു.
ഈ മാസം 16-നായിരുന്നു മുംബൈ ബാന്ദ്ര വെസ്റ്റിലെ വസതിയില്‍ വെച്ച് സെയ്ഫ് ആക്രമിക്കപ്പെടുന്നത്. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം 35.95 ലക്ഷം രൂപയുടെ മെഡിക്ലെയിം ആവശ്യപ്പെട്ടതില്‍ 25 ലക്ഷം രൂപ അതിവേഗത്തിൽ ഇന്‍ഷുറന്‍സ് കമ്പനി അനുവദിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

