Monday, May 20, 2024
spot_img

സൽമാൻ ഖുർഷിദിന്റെ ഭാര്യയ്ക്കും ടിക്കറ്റ്; യുപിയിൽ 125 സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

ലക്‌നൗ: യുപിയിൽ തെരഞ്ഞെടുപ്പ് (UP Elections) പ്രവർത്തനങ്ങൾ ഊര്ജിതമാക്കിക്കൊണ്ടിരിക്കുകയാണ് കോൺഗ്രസും. ഇതിനുപിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുളള 125 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് കോൺഗ്രസ് ഇപ്പോൾ. സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുളള പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക വാദ്രയാണ് പട്ടിക പുറത്തുവിട്ടത്. ഉന്നാവോ കേസിൽ ഇരയുടെ അമ്മയായ ആശ സിംഗ്, ആശ പ്രവർത്തകരുടെ പ്രതിഫലത്തിനായി പ്രതിഷേധം നയിച്ച പൂനം പാണ്ഡെ, സിഎഎ വിരുദ്ധ പ്രതിഷേധത്തിന് ജയിലിലായിരുന്ന ആക്ടിവിസ്റ്റ് സദഫ് ജാഫർ തുടങ്ങിയവരുടെ പേരുകളും പട്ടികയിൽ ഉണ്ട്. സാധാരണക്കാരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയവരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ രാജ്യത്ത് ഒരു പുതിയ രാഷ്‌ട്രീയത്തിനാണ് തുടക്കം കുറിക്കുന്നതെന്നും ആയിരുന്നു പ്രിയങ്കയുടെ വാക്കുകൾ.

അതേസമയം സ്ഥാനാർത്ഥി പട്ടികയിലെ 50 പേർ വനിതകളാണ്. നാൽപത് ശതമാനം വീതം സീറ്റുകളിൽ സ്ത്രീകളെയും യുവജനങ്ങളെയും ഉൾപ്പെടുത്തിയതായും പ്രിയങ്ക പറഞ്ഞു. മുതിർന്ന നേതാവ് സൽമാൻ ഖുർഷിദിന്റെ ഭാര്യ ലൂയിസ് ഖുർഷിദിനും ടിക്കറ്റ് നൽകിയിട്ടുണ്ട്. ഡോ. സാക്കിർ ഹുസൈൻ മെമ്മോറിയൽ ട്രസ്റ്റിന്റെ പേരിൽ കേന്ദ്ര സർക്കാർ ഗ്രാൻഡ് തട്ടിയെടുത്തുവെന്ന പേരിൽ ആരോപണം നേരിടുന്നതിനിടെയാണ് ലൂയിസ് ഖുർഷിദിന് ടിക്കറ്റ് നൽകിയത്. ദിവ്യാംഗരായ വ്യക്തികൾക്ക് വീൽചെയറും മുച്ചക്ര വാഹനങ്ങളും ശ്രവണ സഹായ ഉപകരണങ്ങളും വിതരണം ചെയ്യാനെന്ന പേരിൽ കേന്ദ്ര സർക്കാരിൽ നിന്ന് 2020 ൽ 71.5 ലക്ഷം രൂപ ട്രസ്റ്റിന് ഗ്രാൻഡായി ലഭിച്ചിരുന്നു.

എന്നാൽ 2012 ഓടെ ഇതിൽ അഴിമതി ആരോപണം ഉയരുകയായിരുന്നു. സൽമാൻ ഖുർഷിദ് കേന്ദ്രമന്ത്രിയായിരിക്കെയാണ് സംഭവം. 2021 ജൂലൈയിൽ ലൂയിസ് ഖുർഷിദിനെതിരെ കോടതി വാറണ്ടും പുറപ്പെടുവിച്ചിരുന്നു. ആരോപണങ്ങൾ ലൂയിസ് ഖുർഷിദ് നിഷേധിച്ചിട്ടുണ്ടെങ്കിലും സംശയത്തിന്റെ നിഴലിലാണ്. പൂർണമായി കുറ്റവിമുക്തമാകുന്നതിനിപ്പുറം പാർട്ടി ടിക്കറ്റ് നൽകിയതിൽ ഒരു വിഭാഗത്തിന് അമർഷമുണ്ട്.

Related Articles

Latest Articles