Friday, May 17, 2024
spot_img

ഓണം ബമ്പർ അടിച്ചത് സെയ്തലവിക്കല്ല, മരട് സ്വദേശി ജയപാലന് ; ടിക്കറ്റ് ബാങ്കിന് കൈമാറി

കൊച്ചി: ഒടുവിൽ ആ ബമ്പർ ഭാഗ്യശാലിയെ കേരളം കണ്ടെത്തി. ഇത്തവണത്തെ തിരുവോണം ബമ്പർ അടിച്ചത് കൊച്ചി മരട് സ്വദേശി ജയപാലന്. സമ്മാനാർഹമായ ടിക്കറ്റ് ജയപാലൻ ബാങ്കിൽ സമർപ്പിച്ചുകഴിഞ്ഞു. ഓട്ടോ ഡ്രൈവറാണ് ജയപാലൻ‍

അതേസമയം പന്ത്രണ്ട് കോടി രൂപയുടെ തിരുവോണം ബമ്പര്‍ അടിച്ചത് തനിക്കാണെന്ന അവകാശവാദവുമായി ദുബായിലുള്ള വയനാട് പനമരം സ്വദേശി സെയ്തലവി രം​ഗത്തെത്തിയിരുന്നു. ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനാണ് സെയ്തലവി. നാട്ടിലുള്ള സുഹൃത്തുവഴിയാണ് സെയ്തലവി ടിക്കറ്റെടുത്തത്. ബന്ധുക്കള്‍ ഉടന്‍ ലോട്ടറി ഏജന്‍സിയില്‍ എത്തുമെന്ന് സെയ്തലവി പറഞ്ഞിരുന്നു.

എന്നാൽ ഈ അവകാശ വാദം തള്ളിക്കൊണ്ടായിരുന്നു ജയപാലന്റെ കടന്നുവരവ്.

കഴിഞ്ഞ ദിവസമാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് നടന്നത്. മീനാക്ഷി ലോട്ടറീസിന്റെ ത്യപ്പൂണിത്തുറയിലെ ഷോപ്പില്‍ നിന്ന് വില്‍പന നടത്തിയ ടി ഇ 645465 എന്ന ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം അടിച്ചത്.

ഓണം ബമ്പർ ടിക്കറ്റിന്റെ വില 300 രൂപയാണ്. 12 കോടി രൂപയാണ് തിരുവോണം ബംബര്‍ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് ഇത്. 2019 മുതലാണ് ബമ്പർ സമ്മാന തുക 12 കോടി രൂപയാക്കിയത്.

രണ്ടാം സമ്മാനമായി ആറു പേര്‍ക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ട് പേര്‍ക്ക് വീതം ആകെ 12 പേര്‍ക്ക് ലഭിക്കും. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേര്‍ക്ക് ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും.

Related Articles

Latest Articles