Saturday, May 18, 2024
spot_img

നാല് പതിറ്റാണ്ട്, ഏറ്റു പറഞ്ഞത് സ്ത്രീകള്‍ ഇരകളായ 93 കൊലപാതകങ്ങള്‍; ചരിത്രത്തിലെ ഏറ്റവും ഭീകരനായ സീരിയല്‍ കില്ലര്‍ മരണത്തിനു കീഴടങ്ങി

ന്യൂയോര്‍ക്ക്‌: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ പരമ്പര കൊലയാളിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമുവേല്‍ ലിറ്റില്‍ മരണത്തിനു കീഴടങ്ങി. മരണകാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും അസ്വഭാവികതയില്ലെന്ന് കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കറക്ഷന്‍സ് ആന്‍ഡ് റിഹാബിലിറ്റേഷന്‍ അറിയിച്ചു. കാലിഫോര്‍ണിയ ജയിലില്‍ ജീവപര്യന്തത്തടവിലായിരുന്നു ഇയാള്‍. സീരിയല്‍ കില്ലറെന്നും സീരിയല്‍ റേപ്പിസ്റ്റെന്നും വിളിക്കപ്പെട്ട സാമുവല്‍ ലിറ്റിലിന് മരിക്കുമ്പോള്‍ എണ്‍പത് വയസായിരുന്നു പ്രായം. സാമുവല്‍ ലിറ്റില്‍ കുറ്റസമ്മതം നടത്തിയ ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലാത്ത കേസുകളില്‍ അന്വേഷണവും ചോദ്യം ചെയ്യലും തുടര്‍ന്ന് വരുന്നതിനിടെയായിരുന്നു മരണം.

19 സംസ്‌ഥാനങ്ങളിലായി 93 പേരെ താന്‍ വകവരുത്തിയെന്നായിരുന്നു ലോകജനതയെ ഞെട്ടിച്ച്‌ സാമുവേലിന്റെ വെളിപ്പെടുത്തല്‍. നിരവധി ജീവപര്യന്തം ശിക്ഷയ്‌ക്കു വിധിക്കപ്പെട്ടു തടവില്‍ കഴിയവെയായിരുന്നു ഇയാൾ‌. മരിച്ചവരില്‍ 60 പേരെയാണ്‌ ഇതുവരെ തിരിച്ചറിയാനായത്‌. 2014-ല്‍ ആണ്‌ മൂന്ന്‌ കൊലപാതകക്കുറ്റങ്ങള്‍ക്ക്‌ സാമുവേലിനെ ശിക്ഷിച്ചത്‌. ഡി.എന്‍.എ. പരിശോധനയാണ്‌ ഈ കേസുകളില്‍ നിര്‍ണായക തെളിവായതും. നിരപരാധി ആണെന്നായിരുന്നു 2018 വരെ സാമുവലിന്റെ വാദം.

2018 ല്‍ സാമുവല്‍ ലിറ്റില്‍ കുറ്റസമ്മതം നടത്താനാരംഭിച്ചില്ലായിരുന്നെങ്കില്‍ അയാള്‍ നടത്തിയ ഭൂരിഭാഗം കൊലപാതകങ്ങളും തെളിയിക്കപ്പെടാതെ അവശേഷിക്കുമായിരുന്നു. സാമുവല്‍ ഏറ്റുപറഞ്ഞ കൊലപാതകങ്ങളിലെ ഇരകളില്‍ പകുതിയോളം പേരെ കുറിച്ചുള്ള വിവരം പോലീസിന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടല്ല. പ്രായാധിക്യത്താല്‍ ഒര്‍മക്കുറവ് പ്രകടിപ്പിച്ച സാമുവല്‍ പലപ്പോഴും മൊഴിമാറ്റിപ്പറയുകയും ചെയ്തിരുന്നത് അന്വേഷണസംഘത്തെ അനിശ്ചിതത്വത്തിലാക്കി.

ലൈംഗികത്തൊഴിലാളികള്‍, മയക്കുമരുന്നിനടിമകള്‍, സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ എന്നിവരായിരുന്നു സാമുവലിന്റെ ഇരകള്‍. അപകടമരണമായി പലപ്പോഴും കൊലപാതകങ്ങള്‍ കണക്കാക്കപ്പെട്ടിരുന്നു. കൂടുതലും കറുത്തവര്‍ഗക്കാരായ സ്‌ത്രീകള്‍. ആര്‍ക്കും വേണ്ടാത്തവരായതുകൊണ്ടുതന്നെ ഇവരുടെ കൊലപാതകങ്ങളിലൊന്നും അന്വേഷണം വേണ്ടരീതിയില്‍ മുന്നോട്ടുപോയിട്ടില്ലെന്നാണ്‌ മറ്റൊരു വിമര്‍ശനം. അതിബുദ്ധിമാനായ സോഷ്യോപാത്തായാണ് പോലീസുദ്യോഗസ്ഥനായ ഹോളണ്ട് ഇയാളെ വിശേഷിപ്പിച്ചത്. 2018 ല്‍ ഹോളണ്ടിനോടാണ് സാമുവല്‍ കുറ്റസമ്മതം നടത്തിയത്. കൊലപാതകങ്ങള്‍ നടത്തിയതിന്റെ വിശദീകരണം സാമുവല്‍ ഒരിക്കല്‍ പോലും നല്‍കിയിരുന്നില്ല.

യുവാവായിരുന്ന കാലത്ത്‌ ബോക്‌സറായിരുന്നു സാമുവേല്‍. കഴുത്തുഞെരിച്ചാണു പലരെയും അയാള്‍ കൊലപ്പെടുത്തിയത്‌. എന്നാല്‍, സ്‌നേഹിക്കുന്നവരുടെ ശരീരത്തില്‍ നേരിയ പോറല്‍ വീഴുന്നതുപോലും തനിക്ക്‌ ഇഷ്‌ടമല്ലെന്നായിരുന്നു അയാളുടെ നിലപാട്‌. ‘ഒരു മുന്തിരിവള്ളിയില്‍ നിന്ന് ഒരു മുന്തിരി മാത്രമല്ലല്ലോ നമുക്ക് ലഭിക്കുക, അതു കൊണ്ടു തന്നെ പലപ്പോഴും ഞാന്‍ ഒരേ നഗരത്തില്‍ വീണ്ടും ഇരകളെ തേടി പോകുമായിരുന്നു’-ഒരഭിമുഖത്തില്‍ സാമുവല്‍ പറഞ്ഞു.

Related Articles

Latest Articles