Tuesday, May 28, 2024
spot_img

വീട്ടിൽ എല്ലാവരും അദ്ധ്യാപകർ; ഡോ വന്ദനയുടെ ജീവനെടുത്ത പ്രതി സന്ദീപ് ലഹരിക്കടിമയായി ജീവിതം തുലച്ചയാൾ; പൂജപ്പുര ജയിലിൽ അലറിവിളിച്ച് ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു; പ്രതിയുടേത് രക്ഷപ്പെടാനുള്ള അഭിനയമോ? പേരൂർക്കട ആശുപത്രിയിലെ ഡോക്ടർമാർ പരിശോധിക്കും

തിരുവനന്തപുരം: ഡോ. വന്ദനയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി സന്ദീപ് പൂജപ്പുര ജയിലിൽ പ്രകടിപ്പിക്കുന്നത് അസ്വാഭാവിക പെരുമാറ്റം. ശാരീരികമായി കാലിനുള്ള പൊട്ടലടക്കം ഇയാൾക്ക് പരിക്കുകളുണ്ട്. ഷുഗർ ലെവൽ താഴ്ന്ന അവസ്ഥയിലുമാണെന്ന് ജയിൽ അധികൃതർ അറിയിക്കുന്നു. ജയിലിൽ ഇയാൾ അലറിവിളിച്ച് മാനസിക രോഗിയെപ്പോലെ പെരുമാറുന്നു. ആരോ കൊല്ലാൻ ശ്രമിക്കുന്നെന്ന് സെല്ലിനുള്ളിൽ കിടന്ന് ഇയാൾ അലറി വിളിക്കുന്നുണ്ടായിരുന്നു. ഡോക്ടർ വന്ദനയെ കുത്തിയ സംഭവം ഇയാൾ സമ്മതിക്കുന്നുണ്ട്. തന്നെ ആരോ ആക്രമിക്കാൻ വന്നപ്പോഴാണ് കുത്തിയതെന്നാണ് ഇയാളുടെ നിലപാട്. ഇയാളുടെ പെരുമാറ്റത്തിൽ പലതും അഭിനയമാണോ എന്ന സംശയവും ജയിൽ അധികൃതർ ഉയർത്തുന്നുണ്ട്. 24 മണിക്കൂറും സിസിടിവി നിരീക്ഷണമുള്ള അതീവ സുരക്ഷാ സെല്ലിലാണ് ഇയാളെ പാർപ്പിച്ചിരിക്കുന്നത്. അക്രമാസക്തനായതിനാൽ സെല്ലിൽ വേറെ ആരെയും സഹതടവുകാരായി ഇട്ടിട്ടില്ല. ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയും ജയിൽ ഡോക്ടർ ഇയാളുടെ ആരോ​ഗ്യസ്ഥിതി പരിശോധിച്ചു.പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ ഇന്ന് സന്ദീപിനെ പരിശോധിക്കും. ഇന്നലെ രാത്രി പത്തു മണിയോടെയാണ് മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കി സന്ദീപിനെ പൊലീസ് ജയിൽ അധികൃതർക്ക് കൈമാറിയത്. ഡോക്ടർമാർ പരിശോധന നടത്താൻ തയാറാകാത്തതിനാൽ പൊലീസ് ഏറെ വലഞ്ഞു. സ്വകാര്യ ആശുപത്രിയിലാണ് ഒടുവിൽ പരിശോധന നടത്തിയത്.

സന്ദീപീന്റെ ജീവിതം തകർത്തത് ലഹരിയോടുള്ള അടങ്ങാത്ത ആസക്തിയെന്നാണ് റിപ്പോർട്ട്. സാമ്പത്തികമായി മെച്ചപ്പെട്ട അദ്ധ്യാപക കുടുംബത്തിലെ വെളിയം കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ അദ്ധ്യാപക ദമ്പതികളായ ഗോപിനാഥൻ പിള്ളയുടെയും സരസമ്മയുടെയും രണ്ട് മക്കളിൽ ഇളയയാളാണ് സന്ദീപ്. ജ്യേഷ്ഠൻ ജി. സജിത് കുമാർ ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകനാണ്. കുട്ടിക്കാലം മുതലേ പഠനത്തിൽ മിടുക്കനായിരുന്നു സന്ദീപ്. പ്രണയിച്ച് വിവാഹവും കഴിച്ച് രണ്ട് കുട്ടികളുമായി. എന്നാൽ, മദ്യത്തോടുള്ള ആസക്തി ഇയാളുടെ ജീവിതം തുലച്ചു. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം തലവൂരിൽ ടിടിസിക്ക് ചേർന്ന സന്ദീപ് സഹപാഠിയും കൊട്ടിയം മൈലക്കാട് സ്വദേശിനിയുമായ സം​ഗീതയുമായി പ്രണയത്തിലായി. പ്രണയം വിവാഹത്തിലെത്തി. രണ്ട് കുട്ടികളുമായി. ഇതിനിടയിൽ ഉമ്മന്നൂർ വിലങ്ങറ യു.പി സ്കൂളി​ലെ അധ്യാപകനായി ജോലി കിട്ടി. ഇവിടെ കുട്ടികൾ കുറഞ്ഞതോടെ ജോലി നഷ്ടമായി. പ്രൊട്ടക്ഷൻ അദ്ധ്യാപകരുടെ ലിസ്റ്റിൽ ഉൾപ്പെട്ട സന്ദീപിനെ പല സ്കൂളുകളിലും താത്ക്കാലികമായി ജോലി ചെയ്തു. ശമ്പളം കിട്ടിയാൽ തുടർന്നുള്ള ദിവസങ്ങളിൽ ഇയാൾ ജോലിക്കെത്താറില്ലെന്നും കൂട്ടുകാരുമായി മദ്യപിച്ച് നടക്കുകയാണ് പതിവെന്നും നാട്ടുകാർ പറയുന്നു. അങ്ങനെ ലഹരി ജീവിതം തുലച്ച പ്രതിയാണ് ജീവിത സ്വപ്നങ്ങളിലേക്ക് കാലെടുത്തുവയ്ക്കുകയായിരുന്ന ഒരു യുവ ഡോക്ടറുടെ ജീവനെടുത്തത്.

Related Articles

Latest Articles