Friday, May 24, 2024
spot_img

എങ്ങനെയാണ് ഇവിടെ പേടിച്ച് ജീവിക്കുക? ഇതാണ് സ്ഥിതിയെങ്കിൽ പ്രതി മജിസ്‌ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ല;വീണ്ടും സർക്കാരിനും പോലീസിനുമെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ഡോ.വന്ദന കൊലകേസിൽ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സർക്കാർ വിഷയത്തെ അലസമായി കാണരുതെന്ന് ഹൈക്കോടതി തുറന്നടിച്ചു. പ്രതികൾ മജിസ്‌ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ലെന്നും വിഷയത്തെ സർക്കാർ ന്യായീകരിക്കാൻ ശ്രമിക്കുകയാണെന്നും കോടതി കൂട്ടിച്ചേർത്തു. ഡോക്ടർമാർ ഇന്നും സമരത്തിൽ അല്ലേയെന്നും എത്രയോ ആളുകളാണ് ചികിത്സയ്‌ക്കായി കാത്തുനിൽക്കുന്നത്. ഈ സമയത്ത് എന്തെങ്കിലും സംഭവിച്ചാൽ എന്ത് ചെയ്യുമെന്നും കോടതി ചോദിച്ചു. ഇപ്പോൾ നടക്കുന്നത് സമരമല്ലെന്നും മറിച്ച് ഡോക്ടർമാരുടെ ഭയം കൊണ്ടാണെന്നും കോടതി വ്യക്തമാക്കി.

ഒന്നും നേടിയെടുക്കാനല്ല ഡോക്ടർമാരുടെ സമരം. ഭയത്തിൽ നിന്നാണ് ഈ സമരം നടത്തുന്നത്. എങ്ങനെയാണ് ഇവിടെ പേടിച്ച് ജീവിക്കുക എന്നും കോടതി ആരാഞ്ഞു. അതേസമയം, വസ്തുത വസ്തുതാപരമായി തന്നെ പറയണമെന്നും ഹൈക്കോടതി പൊലീസിനോട് ആവശ്യപ്പെട്ടു. കേസിൽ സംസ്ഥാന പൊലീസ് മേധാവി ഇന്ന് സമർപ്പിച്ച റിപ്പോർട്ട് പരിശോധിക്കവെയാണ് ഹൈക്കോടതിയുടെ വിമർശനം. വിഷയം ആളി കത്താതിരിക്കാൻ സർക്കാർ ശ്രമിക്കണമെന്നും കോടതി നിർദേശിക്കുകയും ചെയ്തു. അലസമായി വിഷയത്തെ സർക്കാർ കാണരുത്. ഇപ്പോഴത്തേത് സിസ്റ്റമിക് ഫെയിലിയറാണ്. പോലീസിനെയല്ല കുറ്റം പറയുന്നത്. സംവിധാനത്തിന്റെ പരാജയത്തെയാണ്. ഇങ്ങനെയൊന്ന് മുൻപ് കേട്ടിട്ടില്ലെന്നും കോടതി തുറന്നടിച്ചു. പ്രതിയുടെ പെരുമാറ്റത്തിൽ പ്രകടമായ വ്യത്യാസമുണ്ടായിരുന്നെന്ന് പോലീസ് തന്നെ പറയുന്നുണ്ട്. അങ്ങനെയെങ്കിൽ എന്തിനാണ് പോലീസുകാരുടെ കാവലില്ലാതെ ഡോക്ടറുടെ മുന്നിലേക്ക് സന്ദീപീനെ എത്തിച്ചതെന്ന് കോടതി ചോദിച്ചു. സംവിധാനത്തിന്റെ പരാജയമാണിതെന്നും ഇതാണ് സ്ഥിതിയെങ്കിൽ പ്രതി മജിസ്‌ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ലെന്ന് കോടതി തുറന്നടിച്ചു.

നമ്മുടെ സംവിധാനമാണ് വന്ദനയുടെ ജീവൻ നഷ്ടപ്പെടുത്തിയത്. ഇതേ സംവിധാനം തന്നെയാണ് അവളുടെ മാതാപിതാക്കളെ തീരാദുഃഖത്തിലാഴ്‌ത്തിയതെന്നും കോടതി വ്യക്തമാക്കി. ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചുപൂട്ടണമെന്ന് കോടതി പറഞ്ഞു. സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന പോലീസിന്റെ കൈയില്‍ തോക്കില്ലായിരുന്നോ എന്നും കോടതി ആരാഞ്ഞു. പലരേയും അക്രമിച്ച ശേഷം ഒടുവിലാണ് ഡോക്ടര്‍ വന്ദന ദാസിനെ അക്രമിച്ചത്. അത്രയും സമയം അത് തടയാതെ എന്തായിരുന്നു പോലീസിന്റെ ജോലിയെന്നും കോടതി വിമര്‍ശിച്ചു. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് വിഷയം പരിഗണിച്ചത്. നടന്ന സംഭവത്തെ കുറിച്ച് സ്ഥലം മജിസ്ട്രേറ്റും കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. സംഭവം നടന്ന സമയത്തെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കാനും ആശുപത്രി സൂപ്രണ്ട് ഇക്കാര്യം ഉറപ്പ് വരുത്താനും ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയിരുന്നു.

Related Articles

Latest Articles