Tuesday, May 14, 2024
spot_img

കമ്മ്യൂണിസ്റ്റ് കപട മുഖംമൂടികളെ പിച്ചിച്ചീന്തുന്നു, കേരളാ സഖാക്കൾക്ക് മിണ്ടാട്ടമില്ല

ലോകത്തെവിടെ വിപ്ലവം ഉണ്ടായാലും അത് ഞങ്ങളുടേതാണ് എന്ന് അവകാശപ്പെടുന്ന എട്ടുകാലി മമ്മൂഞ്ഞുമാരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ. ലോകത്ത് എവിടെ തീവ്രവാദ പ്രവർത്തനം നടന്നാലും അതും ഒരു ഉളുപ്പുമില്ലാതെ സ്വന്തം പേരിലാക്കി ആവേശം വിതറി നടക്കും കേരളാസഖാക്കന്മാർ. സദ്ദാം ഹുസൈൻ പോലും അതിന് ഏറ്റവും വലിയ ഒരു ഉദാഹരണമാണ്. എന്നാൽ കമ്മ്യൂണിസ്റ്റുകാരുടെ സ്വന്തം ക്യൂബയിൽ നടക്കുന്ന വിപ്ലവസമരങ്ങളെപ്പറ്റി ഇവർ ഒരക്ഷരം മിണ്ടുന്നില്ല. വായിൽ കോലിട്ട് കുത്തിയാലും കേരളസഖാക്കൾക്ക് മിണ്ടാട്ടമില്ല. ഇതേപ്പറ്റി അഡ്വ.ശങ്കു ടി ദാസ് ഫേസ്ബുക്കിൽ എഴുതിയ ഒരു കുറിപ്പ് ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. കേരളത്തിലെ വിപ്ലവപോരാളികളുടെ കപടമുഖംമൂടി പിച്ചിച്ചീന്തുകയാണ് ശങ്കു ടിദാസ് ഈ കുറിപ്പിലൂടെ. അത് ഇങ്ങനെയാണ്.

ഒരു ദേശത്തെ ജനങ്ങൾ ഒരു ദിവസം ‘സ്വാതന്ത്ര്യം’ എന്നൊരൊറ്റ മുദ്രാവാക്യം മുഴക്കി തെരുവിൽ ഇറങ്ങുന്നു.

സമരങ്ങൾ പോയിട്ട് വിമർശനങ്ങൾ പോലും അനുവദിക്കാത്തൊരു മർദ്ധക ഭരണകൂടത്തിന്റെ വികല നയങ്ങൾക്ക് എതിരെ അവർ പ്രതിഷേധം അഴിച്ചു വിടുന്നു.

വിറളി പൂണ്ട ഏകാധിപതി നാഷണൽ ടെലിവിഷനിലൂടെ തന്റെ പാർട്ടി കേഡർമാരെ അഭിസംബോധന ചെയ്യുന്നു.

“വിപ്ലവകാരികളെ.. നിങ്ങൾക്ക് പൊരുതാനുള്ള കല്പന ഞാൻ തരുന്നു. തെരുവിൽ പൊരുതുക.. രാജ്യത്തെ ഓരോ പാർട്ടി അംഗവും തെരുവിലിറങ്ങി പ്രകോപനം സൃഷ്ടിക്കുന്ന പ്രശ്നക്കാരെ ധീരമായും ശക്തമായും നേരിട്ട് കനത്ത പാഠം പഠിപ്പിക്കുക” എന്ന് ആഹ്വാനം ചെയ്യുന്നു.

ഇത് കേട്ട പാർട്ടി കേഡർമാർ ആയുധങ്ങളുമായി സൈന്യത്തിനും പോലീസിനുമൊപ്പം തെരുവിലിറങ്ങി പ്രതിഷേധക്കാരെ കൈകാര്യം ചെയ്യുന്നു.
എന്നിട്ടും പതറാതെയും പിന്തിരിയാതെയും പതിനായിരങ്ങൾ കൂടുതൽ ശക്തിയോടെ പ്രതിഷേധം തുടരുന്നു.

പിന്നെ പതിനായിരങ്ങൾ വളർന്നു ലക്ഷങ്ങൾ ആവുന്നു.
സമരത്തിന്റെ രൂപം മാറി വിപ്ലവമായി പരിണമിക്കുന്നു.

അറുപതു വർഷത്തെ അടിമത്തത്തെ ഒരു ജനത ഒന്നിച്ചു നിന്ന് അടിയറവ് പറയിക്കുന്നു.
അനുസരിപ്പിച്ചിരുന്ന പാർട്ടി മേലാളന്മാരെ അവർ അടി കൊടുത്തു ചോദ്യം ചെയ്യുന്നു.
ദാരിദ്ര്യത്തിനെതിരെ, പട്ടിണിക്ക് എതിരെ, സാമ്പത്തിക മുരടിപ്പിനെതിരെ, തൊഴിലില്ലായ്മക്കെതിരെ അവർ ആഞ്ഞടിക്കുന്നു.
അടങ്ങാത്ത രോഗത്തിനും കിട്ടാത്ത മരുന്നിനും ഇല്ലാത്ത ചികിത്സയ്‌ക്കുമെതിരെ അവർ പൊട്ടി തെറിക്കുന്നു.

അവരുടെ രോഷം കലാപമായി ആളിപ്പടരുന്നു.
തെരുവുകൾ ആ തീയിൽ എരിഞ്ഞടങ്ങുന്നു.

കൊട്ടിഘോഷിച്ച നിങ്ങളുടെ വിപ്ലവം തിരിച്ചെടുത്തു അതിന് മുൻപുള്ള നാട് ഞങ്ങൾക്ക് തിരിച്ചു തരൂ എന്നാണവർ പറയുന്നത്.
വാഗ്ദാനം ചെയ്ത തേനും പാലുമൊന്നുമില്ലെങ്കിലും മനുഷ്യരായി ജീവിക്കാനുള്ള സ്വാതന്ത്ര്യം എങ്കിലും തിരിച്ചു തരൂ എന്നാണവർ ആവശ്യപ്പെടുന്നത്.

പക്ഷെ നമ്മുടെ നാട്ടിലെ വിപ്ലവദാഹികളെ ആ മനുഷ്യരുടെ പോരാട്ടം ഒട്ടും ആവേശം കൊള്ളിക്കുന്നില്ല.

കാരണം ആ വിപ്ലവം നടക്കുന്നത് കമ്മ്യൂണിസ്റ്റ് ക്യൂബയിലാണ്.
ആ വിപ്ലവകാരികൾ പൊരുതുന്നത് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് എതിരെയും.

നമ്മുടെ വിപ്ലവകാരികൾ ഇപ്പോളും ക്യൂബയിൽ നിന്നുള്ള അത്ഭുത മരുന്ന് കാത്ത് ഇരിക്കുക ആണല്ലോ!

വരുന്നുണ്ട് മരുന്ന്.
ഓവർ ഡോസിൽ.

ഇങ്ങനെയാണ് അദ്ധേഹത്തിന്റെ കുറിപ്പ് അവസാനിക്കുന്നത്.

കേരളത്തിലും ഈ സ്ഥിതി സംജാതമാകുന്ന കാലം അതിവിദൂരമല്ല. 35 വർഷം തുടർച്ചയായി ഭരിച്ച ബംഗാളിൽ നിന്നു പോലും കമ്മ്യൂണിസ്റ്റ് പാർട്ടിയെ തൂത്തെറിഞ്ഞിട്ടുണ്ടെങ്കിൽ കേരളത്തിൽ അത് നിഷ്പ്രയാസം നടക്കാവുന്നതേ ഉള്ളൂ. ലോകരാജ്യങ്ങളെല്ലാം കൈവിട്ട കമ്മ്യൂണിസത്തിന് എത്ര കാലം പിടിച്ചു നിൽക്കാനാവും നമ്മുടെ കേരളത്തിൽ.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles