കൊച്ചി: കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരൻ ഖാലിദിന് കമ്മീഷൻ നൽകാൻ യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പൻ ഡോളർ വാങ്ങിയത് കരിഞ്ചന്തയിൽ നിന്നെന്ന് റിപ്പോർട്ട്. സന്തോഷ് ഈപ്പൻ നൽകിയ മൊഴിയിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്.
നാല് ലക്ഷം യു.എസ് ഡോളറായും ഒരു കോടി ഇന്ത്യൻ രൂപയായുമാണ് ഖാലിദിന് കമ്മീഷൻ നൽകിയത്. അതേസമയം സന്തോഷ് ഈപ്പൻ മൂന്ന് ലക്ഷം യു.എസ് ഡോളർ എറണാകുളത്ത് നിന്നും, ഒരു ലക്ഷം തിരുവനന്തപുരത്ത് നിന്നുമാണ് വാങ്ങിയത്. ആക്സിസ് ബാങ്കിലെ ശേഷാദ്രി, ഇർഷാദ് എന്നിവരാണ് കരിഞ്ചന്തയിൽ നിന്ന് ഡോളർ സംഘടിപ്പിച്ചത്.
മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത് കമ്മീഷൻ പണം നൽകിയ ശേഷം മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 3.80 കോടി ഖാലിദിനും 59 ലക്ഷം സന്ദീപ് നായർക്കും കമ്മീഷനായി നൽകി. ഇതിനു പിന്നാലെ ശിവശങ്കറിനെ സെക്രട്ടേറിയറ്റിലെത്തി കണ്ടു. തുടർന്ന് ശിവശങ്കർ തന്റെ കാബിനിലേക്ക് യു.വി ജോസിനെ വിളിച്ചു വരുത്തി പരിചയപ്പെടുത്തിയെന്നും, ഇവിടെ വച്ച് ലൈഫ് മിഷൻ പദ്ധതിയെക്കുറിച്ച് യു.വി ജോസിനോട് സംസാരിച്ചുവെന്നും മൊഴിയിൽ പറയുന്നു.

