Wednesday, January 7, 2026

മിഠായി തിന്നുന്ന സ്‌കൂള്‍ കുട്ടിയെ കൈയോടെ പിടിച്ചതുപോലെയാണ് കോണ്‍ഗ്രസുകാരുടെ പ്രതികരണം; കേരളത്തിലെ നേതാക്കളെ പരിഹസിച്ച് ശശി തരൂര്‍

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ക്രിയാത്മകവിമര്‍ശനം വേണമെന്നതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ശശി തരൂര്‍ എംപി. മോദി ചെയ്ത നല്ല കാര്യങ്ങളെ അംഗീകരിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ഓണ്‍ലൈന്‍ മാധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍ ശശി തരൂര്‍ പറഞ്ഞു. മോദിയുടെ സ്തുതിയുടെ പേരില്‍ തരൂരിനോട് കെപിസിസി വിശദീകരണം തേടും എന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് തരൂരിന്‍റെ ലേഖനം.

മോദി ചെയ്ത നല്ല കാര്യങ്ങള്‍ അംഗീകരിക്കണമെന്ന് ജയറാം രമേശ് പറഞ്ഞതിനെ അനുകൂലിക്കുകയാണ് താന്‍ ചെയ്തത്. ഇത് 2014 മുതല്‍ ഞാന്‍ പറയുന്നതാണ്. ഇതിനെയാണ് മോദി സ്തുതിയായി വളച്ചൊടിച്ചത്. ഇതോടെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നാകെ ഇളകുകയായിരുന്നു. മിഠായി തിന്നുന്ന സ്‌കൂള്‍ കുട്ടിയെ കൈയോടെ പിടിച്ചതുപോലെയാണ് കോണ്‍ഗ്രസുകാരുടെ പ്രതികരണം. ഒരാള്‍ സോണിയാ ഗാന്ധിക്ക് കത്തെഴുതി. മറ്റൊരാള്‍ എന്നോട് പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരാന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിയെ വിമര്‍ശിച്ച് പുറത്തുപോയ ഇയാള്‍ തിരിച്ചെത്തിയിട്ട് എട്ടുവര്‍ഷമേ ആയിട്ടുള്ളു എന്നും കെ മുരളീധരന് പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് ശശി തരൂര്‍ പറഞ്ഞു.

കോണ്‍ഗ്രസും മറ്റ് പുരോഗമനപാര്‍ട്ടികളുമായി ചേര്‍ന്ന് അധികാരത്തില്‍ തിരിച്ചെത്തണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിന് കടുത്ത കോണ്‍ഗ്രസുകാരെ മാത്രം സംഘടിപ്പിച്ചാല്‍ പോരാ. കോണ്‍ഗ്രസുവിട്ട് ബിജെപിയില്‍ പോയവരുടെ വിശ്വാസവും തിരിച്ചുകൊണ്ടുവരണം. അതിന് അവരെ എന്താണോ മോദിയിലേക്ക് ആകര്‍ഷിച്ചത് അതിനെ അഭിസംബോധന ചെയ്യണം. നമ്മുടെ വിമര്‍ശനം കൂടുതല്‍ വിശ്വാസ്യത നേടിയാലേ അതിന് കഴിയു. ഇതാണ് താന്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് തരൂര്‍ ലേഖനത്തില്‍ വിശദീകരിച്ചു.

Related Articles

Latest Articles