Saturday, May 18, 2024
spot_img

റഷ്യ യുക്രൈൻ സംഘർഷം അവസാനിപ്പിക്കാൻ സൗദിയുടെ മേൽനോട്ടത്തിൽ രാജ്യന്തര യോഗം; സമാധാന ശ്രമങ്ങൾക്ക് സുപ്രധാന നിർദ്ദേശം മുന്നോട്ട് വച്ച് ഇന്ത്യ; പങ്കെടുത്തത് അജിത് ഡോവൽ!

ദില്ലി : റഷ്യ– യുക്രെയ്ൻ യുദ്ധത്തിന് സമാധാനപരമായ പരിഹാരമുണ്ടാക്കാനായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ സൗദി അറേബ്യയിൽ ചേർന്ന രാജ്യാന്തര യോഗത്തിൽ പങ്കെടുത്ത് ഇന്ത്യ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ജിദ്ദയിൽ നടന്ന ദ്വിദിന കോൺഫറൻസിൽ പങ്കെടുത്തത്.

നാൽപതോളം രാജ്യങ്ങളിലെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥർ പങ്കെടുത്തെ യോഗത്തിൽ റഷ്യയെ ക്ഷണിച്ചിരുന്നില്ല. യുദ്ധം തുടങ്ങിയതു മുതൽ‌ റഷ്യയുമായും യുക്രെയ്നുമായും ഇന്ത്യ ബന്ധപ്പെടുന്നുണ്ടെന്നും പ്രശ്നപരിഹാരത്തിനു ശ്രമിക്കുന്നതായും ഡോവൽ വ്യക്തമാക്കി.

‘‘റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘർഷത്തിന്റെ തുടക്കം മുതൽ ശാശ്വത പരിഹാരത്തിനു ശ്രമിക്കുന്ന രാജ്യമാണ് ഇന്ത്യ. അങ്ങനെയൊരു പരിസമാപ്തിയുണ്ടായാൽ അതിൽപ്പരം സന്തോഷവും സംതൃപ്തിയും ഇന്ത്യയ്ക്കു ലഭിക്കാനില്ല. ചർ‌ച്ചയും നയതന്ത്രവും പ്രോത്സാഹിപ്പിക്കണമെന്നും സമാധാനത്തിന് അതുമാത്രമെ വഴിയുള്ളൂ എന്നുമാണ് ഇന്ത്യയുടെ നിലപാട്.’’– ഡോവൽ പറഞ്ഞു. പരിഹാരം റഷ്യയ്ക്കും യുക്രെയ്നും സ്വീകാര്യമാകണമെന്നും ഡോവൽ കൂട്ടിച്ചേർത്തു.

നേരത്തേ, ജപ്പാനിൽ ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്കി കൂടിക്കാഴ്ച നടത്തിയിരുന്നു. സംഘർഷത്തിന് അയവുവരുത്താൻ സാധ്യമായതെല്ലാം ഇന്ത്യ ചെയ്യുമെന്നു അന്ന് മോദി ഉറപ്പു നൽകുകയും ചെയ്തു.

Related Articles

Latest Articles