Monday, June 3, 2024
spot_img

വിഷു ഉത്സവം കഴിഞ്ഞ് ശബരിമല നട ഇന്നടയ്ക്കും; യുവതികളെ നിരുത്സാഹപ്പെടുത്തി തിരിച്ചയക്കാൻ പോലീസിന് കർശന നിർദേശം

വിഷു ഉത്സവം കഴിഞ്ഞ് ശബരിമല നട ഇന്നടയ്ക്കും. രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന തീർഥാടന കാലം കഴിയും. നട തുറന്നിരുന്ന 10 ദിവസവും നെയ്യഭിഷേകം,കളഭാഭിഷേകം,പടിപൂജ എന്നീ പൂജകൾ ഉണ്ടായിരുന്നു. വിഷു ദിനമായ ഇക്കഴിഞ്ഞ 15 ന് പത്തനംതിട്ട ലോക്സഭ മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ, ചാലക്കുടിയിലെ സ്ഥാനാർത്ഥി എ .എൻ .രാധാകൃഷ്ണൻ എന്നിവർ സന്നിധാനത്തെത്തി ദർശനം നടത്തി.

യുവതികളെ പ്രവേശിപ്പിക്കാനുള്ള സുപ്രീംകോടതി വിധി നടപ്പാക്കാൻ ബാധ്യസ്ഥരെന്ന് സർക്കാർ പറയുമ്പോഴും നിലയ്ക്കലും പമ്പയിലുമെല്ലാം പൊലീസ് പ്രായ പരിശോധന കർശനമായി നടത്തിയിരുന്നു . യുവതികളെത്തിയാൽ നിരുത്സാഹപ്പെടുത്തി തിരിച്ചയക്കണമെന്നാണ് പൊലീസിന് ലഭിച്ച നിർദ്ദേശം. നേരത്തെ സ്ത്രീകളെ ശബരിമലയിലെത്തിക്കുന്നതിന് നേതൃത്വം നൽകിയ നവോത്ഥാന കേരളം ശബരിമലയിലേക്കെന്ന കൂട്ടായ്മയും തൽക്കാലം സ്ത്രീകളെ ശബരിമലയിലേക്കെത്തിക്കാനില്ലെന്ന തീരുമാനത്തിലാണ്.

കഴിഞ്ഞ വർഷത്തെ വിഷു സീസണ അപേക്ഷിച്ച് ഇത്തവണ തീർഥാടകരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായി. വിഷു ദിനത്തിലെ തിരക്ക് മാറ്റി നിർത്തിയാൽ വിഷു ഉത്സവത്തിന് നട തുറന്ന് ഇതുവരെ ഒന്നേമുക്കാൽ ലക്ഷം ഭക്തർ മാത്രമാണ് എത്തിയത്.

Related Articles

Latest Articles