Monday, November 9, 2026

രെഹന ഫാത്തിമയ്ക്കും ബിന്ദു അമ്മിണിയ്ക്കും സുപ്രീം കോടതിയിൽ തിരിച്ചടി; വിഷയം വഷളാക്കരുതെന്ന് സുപ്രീം കോടതി

ദില്ലി: ശബരിമലയിൽ ദർശനം നടത്താൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് രെഹന ഫാത്തിമയും ബിന്ദു അമ്മിണിയും നൽകിയ ഹർജികളിൽ ഉടൻ ഉത്തരവില്ലെന്ന് സുപ്രീം കോടതി. രാജ്യത്ത് അക്രമം നടക്കാൻ കോടതി ആഗ്രഹിക്കുന്നില്ലെന്ന് ചീഫ് ജസ്‌റ്റിസ് എസ് എ. ബോബ്‌ഡെ പറഞ്ഞു. യുവതീപ്രവേശന വിധി നടപ്പാക്കാൻ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി നൽകിയ ഹര്‍ജിയും ദര്‍ശനത്തിന് പൊലീസ് സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് രെഹന ഫാത്തിമ നൽകിയ ഹര്‍ജിയുമാണ് ഇന്ന് സുപ്രീംകോടതി പരിഗണിച്ചത്.

വിശാലബെഞ്ച് വരുന്നതു വരെ കാത്തിരിക്കണം. രാജ്യത്തെ നിലവിലെ അവസ്ഥ സ്ഫോടനാത്മകമാണ്. അതുകൊണ്ടു തന്നെ ഹർജികളിൽ ഉടൻ ഉത്തരവില്ലെന്ന് എസ് എ.ബോബ്‌ഡെ വ്യക്തമാക്കി. ശബരിമല യുവതി പ്രവേശനുവായി ബന്ധപ്പെട്ട വിശാലബെഞ്ചിന്റെ രൂപീകരണം വേഗത്തിലാക്കുമെന്നും ചീഫ് ജസ്‌റ്റിസ് സൂചിപ്പിച്ചു. കഴിഞ്ഞ മണ്ഡലകാലത്ത് രെഹന ഫാത്തിമ ദർശനത്തിന് ശ്രമിച്ചത് സംഘർഷമുണ്ടാക്കിയിരുന്നു. ഹെൽമറ്റ് ധരിപ്പിച്ച് സന്നിധാനത്ത് എത്തിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് മടങ്ങുകയായിരുന്നു. പിന്നീട് മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ പൊലീസ് രെഹന ഫാത്തിമയെ അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു.

Related Articles

Latest Articles