Thursday, May 16, 2024
spot_img

സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ എറണാകുളത്തെ പിന്‍തള്ളി പാലക്കാടും മാര്‍ ബേസിലും കിരീടം ചൂടി

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാട് ജില്ലയും എറണാകുളം മര്‍ ബേസില്‍ സ്‌കൂളും ചാമ്പ്യന്‍ പട്ടം ചൂടി. 201.33 പോയിന്റുമായാണ് പാലക്കാറ്റ് ജില്ല ചാമ്പ്യന്മാരായത്. രണ്ടാം സ്ഥാനത്തുള്ള എറണാകുളത്തിനെക്കാള്‍ വ്യക്തമായ മേധാവിത്തമാണ് പാലക്കാടിനുള്ളത്. എറണാകുളത്തിന് 157.33 പോയിന്റാണുള്ളത്.

മൂന്നു വര്‍ഷത്തിന് ശേഷമാണ് പാലക്കാട് കിരീടം തിരിച്ചുപിടിക്കുന്നത്. സ്‌കൂളുകളില്‍ കോതമംഗലം മാര്‍ ബേസില്‍ ചാമ്പ്യന്മാരായി. പാലക്കാട് കല്ലടി സ്‌കൂള്‍ രണ്ടാമതെത്തി.

സ്‌കൂളുകളില്‍ ഏറ്റവുമധികം പോയിന്റുള്ളത് മാര്‍ ബേസിലാണ്. 62.33 പോയിന്റാണ് മാര്‍ ബേസിലിനുള്ളത്. 58.33 പോയിന്റുള്ള പാലക്കാട് കെഎച്ച്എസ് കുമാരംപത്തൂര്‍ സ്‌കൂളാണ് രണ്ടാമത്.

18 സ്വര്‍ണ്ണവും 26 വെള്ളിയും 16 വെങ്കലവുമാണ് പാലക്കാടിനുള്ളത്. എറണാകുളത്തിനാവട്ടെ 21 സ്വര്‍ണ്ണവും 14 വെള്ളിയും 11 വെങ്കലവും ഉണ്ട്. 14 സ്വര്‍ണ്ണവും ഏഴ് വെള്ളിയും 18 വെങ്കലവുമായി 123.33 പോയിന്റുള്ള കോഴിക്കോടാണ് മൂന്നാമത്. 8 സ്വര്‍ണ്ണവും ആറ് വീതം വെള്ളിയും വെങ്കലവുമായി മാര്‍ ബേസില്‍ ഒന്നാമതെത്തിയപ്പോള്‍ 4 സ്വര്‍ണ്ണവും 11 വെള്ളിയും ഏഴ് വെങ്കലവുമായാണ് കെഎച്ച്എസ് രണ്ടാമതെത്തിയത്.

ആദ്യ രണ്ട് ദിവസങ്ങളില്‍ പാലക്കാടും എറണാകുളവും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയപ്പോള്‍ മൂന്നാം ദിവസം പാലക്കാടിന്റെ കുതിപ്പായിരുന്നു കണ്ടത്.

ആന്‍സി സോജനും വാങ് മയി മുഖ്റമും ശാരികയും മീറ്റില്‍ ട്രിപ്പിള്‍ സ്വര്‍ണം പൂര്‍ത്തിയാക്കി. ഈ മീറ്റോടെ വിട പറയുന്ന ആന്‍സി സോജന്‍ സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍, 200 മീറ്റര്‍, ലോംഗ് ജമ്പ് എന്നിവയിലാണ് സ്വര്‍ണം നേടിയത്. മൂന്നിലും മീറ്റ് റെക്കോഡും സ്ഥാപിച്ചത് ഇരട്ടിമധുരമുള്ളതാക്കി.

Related Articles

Latest Articles