Wednesday, October 14, 2026

സർക്കാരും മതതീവ്രവാദികളും തമ്മിൽ നടക്കുന്നത് രഹസ്യധാരണ; പോലീസിനെ മറികടന്ന് പോപ്പുലര്‍ഫ്രണ്ട് സമ്മേളനത്തിന് അനുമതി

ആലപ്പുഴ: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാനതല സമ്മേളനത്തിനും റാലിക്കും പോലീസിന്റെ എതിർപ്പുകളെ മറികടന്ന് അനുമതി നൽകിയത് വിവാദത്തിലാകുന്നു. സംഘര്‍ഷ സാധ്യതയുള്ളതിനാലാണ് പരിപാടിക്ക് അനുമതി നല്‍കാന്‍ ജില്ലാ പോലീസും ജില്ലാ ഭരണകൂടവും തായ്യാറാകാതിരുന്നത്. ഒടുവില്‍ ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഉപാധികളോടെ അനുമതി നല്കിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പിന്തുണ ഉറപ്പിക്കുന്നതിന് ഭരണകക്ഷിയും മതതീവ്രവാദികളും തമ്മിലുണ്ടാക്കിയ രഹസ്യധാരണയാണ് അനുമതിക്ക് പിന്നിലെന്നാണ് ആക്ഷേപം. ഈ മാസം 21നാണ് പോപ്പുലര്‍ഫ്രണ്ട് സമ്മേളനം.

ഹൈക്കോടതി പോലും മതതീവ്രവാദ സംഘടനകളെന്ന് പ്രഖ്യാപിച്ച എസ്ഡിപിഐക്കും പോപ്പുലര്‍ഫ്രണ്ടിനും ശക്തിപ്രകടനം നടത്താന്‍ ഒത്താശ ചെയ്തതിലൂടെ സര്‍ക്കാര്‍ ഇത്തരം സംഘടനകള്‍ക്ക് കീഴടങ്ങിയെന്നാണ് വിമര്‍ശനം. ആലപ്പുഴയില്‍ നടത്തിയ രണ്ട് അരുംകൊലകള്‍ക്ക് പിന്നാലെ ഇത്തരത്തില്‍ സമ്മേളനം നടത്തുന്നത് കേസിലെ സാക്ഷികളെയും കൊലയ്ക്കിരയായവരുടെ ബന്ധുക്കളെയും ഭയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.

ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ നന്ദുവിനെയും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രണ്‍ജീത് ശ്രീനിവാസനെയും കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രണ്‍ജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതികളെയടക്കം ഇനിയും പിടികൂടാനുണ്ട്. കഴിഞ്ഞ ദിവസമാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

 

 

Related Articles

Latest Articles