Sunday, September 27, 2026

ആദ്യ ജെയിംസ് ബോണ്ട് ചിത്രത്തിലെ നായകൻ ഷോൺ കോണറി അന്തരിച്ചു; വിടവാങ്ങിയത് ഇതിഹാസ താരം

ലണ്ടന്‍: ഹോളിവുഡിലെ ആദ്യ ജെയിംസ് ബോണ്ട് ചിത്രത്തിലെ നായകനായ സ്‌കോട്ടിഷ് ചലച്ചിത്ര ഇതിഹാസം സര്‍ ഷോണ്‍ കോണറി (90) അന്തരിച്ചു. ബഹമാസില്‍ വെച്ച് ഉറക്കത്തിനിടെയാണ് മരണമെന്ന് അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. ഏറെ നാളായി വാർധക്യ സഹജമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. 1962ൽ പുറത്തിറങ്ങിയ ആദ്യ ജെയിംസ് ബോണ്ട് ചിത്രമായ ‘ഡോക്ടർ നൊ’ ലൂടെയാണ് ഷോൺ കോണറി ആദ്യമായി ചലച്ചിത്ര ആസ്വാദകർക്ക് മുൻപിലേക്ക് എത്തുന്നത്. തുടർന്ന് ഏഴ് ചിത്രങ്ങളിൽ അദ്ദേഹം ജയിംസ് ബോണ്ടായി വേഷമിട്ടു. ജയിംസ് ബോണ്ടായി ഏറ്റവും തിളങ്ങിയ നടനും ഷീന്‍ കോണറിയാണ്. ഡോ. നോ, ഫ്രം റഷ്യ വിത്ത് ലൗ, ഗോള്‍ഡ് ഫിങ്കര്‍, തണ്ടര്‍ബോള്‍, യു ഒണ്‍ലി ലീവ് ടൈ്വസ്, ഡയമണ്ട് ആര്‍ ഫോറെവര്‍, നെവര്‍ സേ നെവര്‍ എഗെയിന്‍ എന്നിവയാണ് അദ്ദേഹം അഭിനയിച്ച ബോണ്ട് ചിത്രങ്ങള്‍.

ജയിംസ് ബോണ്ട് ചിത്രങ്ങള്‍ക്ക് പുറമെ ദ ഹണ്ട് ഓഫ് ഒക്ടോബര്‍, ഇന്‍ഡ്യാന ജോണ്‍സ്, ദ ലാസ്റ്റ് ക്രൂസേഡ്, ദ റോക്ക് തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2003–ൽ പുറത്തിറങ്ങിയ ലീഗ് ഓഫ് എക്സ്ട്രാ ഓർഡിനറി ജെന്റിൽമെൻ എന്ന സിനിമയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ഓസ്‌കര്‍, ബാഫ്ത. ഗോള്‍ഡന്‍ ഗ്ലോബ് എന്നീ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 1930 ഓഗസ്റ്റ് 25 ന് സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോയിലാണ് ഷോണ്‍ കോണറി ജനിച്ചത്. തോമസ് ഷോണ്‍ കോണറി എന്നാണ് മുഴുവന്‍ പേര്. 1951 ലാണ് അഭിനയ രംഗത്തെത്തിയത്. 2000 ത്തില്‍ ബ്രിട്ടീഷ് രാജ്ഞി അദ്ദേഹത്തിന് സര്‍ പദവി സമ്മാനിച്ചു.

Related Articles

Latest Articles