Friday, May 3, 2024
spot_img

കണമലയിൽ രണ്ട് ക‍ർഷകരെ കുത്തികൊന്ന കാട്ടുപോത്തിനായി തിരച്ചിൽ തുടരുന്നു; വെടിവയ്ക്കാനുള്ള ഉത്തരവില്‍ ആശയക്കുഴപ്പം

പത്തനംതിട്ട: എരുമേലി കണമലയിൽ രണ്ട് ക‍ർഷകരെ കുത്തികൊന്ന കാട്ടുപോത്തിനെ കണ്ടെത്താനുള്ള ശ്രമം വനം വകുപ്പ് തുടരുന്നു. അക്രമകാരിയായ കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണം എന്ന നിലപാടിൽ ഉറച്ച് തന്നെ നിൽക്കുകയാണ് നാട്ടുകാർ. മരിച്ച ചാക്കോയുടെ സംസ്കാരം നടക്കുന്നതിന് മുമ്പ് അന്തിമ തീരുമാനം ഉണ്ടായില്ലെങ്കിൽ വീണ്ടും തെരുവിൽ പ്രതിഷേധിക്കുമെന്ന് സമരസമിതി പ്രഖ്യാപിച്ചു.

കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട തോമസിന്റെ മൃതദേഹം മാത്രമാണ് കഴിഞ്ഞ ദിവസം സംസ്കരിച്ചത്. നാളെയാണ് ചാക്കോയുടെ സംസ്കാരം നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ കാട്ടുപോത്തിനെ വെടിവച്ച് കൊല്ലണമെന്ന നാട്ടുകാരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ മൃതദേഹം സംസ്കരിക്കില്ലെന്നാണ് കണമലയിലെ സമര സമിതിയുടെ തീരുമാനം. ആദ്യ ദിവസം പ്രതിഷേധമുണ്ടായതിന് പിന്നാലെ പോത്തിനെ വെടിവെച്ച് കെല്ലുമെന്ന കളക്ടറുടെ ഉത്തരവ് വിശ്വസിച്ച നാട്ടുകാരെ വനം വകുപ്പ് കബളിപ്പിക്കുകയായിരുന്നെന്നാണ് ആരോപണം.

നാട്ടുകാരുടെ വൈകാരിക പ്രതിഷേധത്തിനൊപ്പം നിൽക്കാൻ നിയമം അനുവദിക്കില്ലെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. പക്ഷെ അക്രമകാരിയായ കാട്ടുപോത്ത് വീണ്ടും ജനവാസമേഖലയിൽ ഇറങ്ങിയാൽ മയക്കുവെടി വച്ച് പിടികൂടി കാടിനുള്ളിലേക്ക് മാറ്റും. ഈ ദൗത്യത്തിനായി അൻപത് അംഗ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘമാണ് കണമലയിൽ ക്യാമ്പ് ചെയ്യുന്നത്. മുപ്പത് പേരുടെ സംഘം കഴിഞ്ഞ ദിവസം വനത്തിനുള്ളിൽ കിലോ മീറ്ററുകളോളം പരിശോധന നടത്തിയിരുന്നു. വനാതിർത്തിയിലും വനപാലകരുടെ പെട്രോളിങ്ങ് നടക്കുന്നുണ്ട്. ചാക്കോയേയും തോമസിനേയും കൊന്ന കാട്ടുപോത്ത് ഉൾ വനത്തിലേക്ക് പോയെന്നാണ് വനം വകുപ്പിന്റെ നിഗമനം. വീണ്ടും ഇതേ പോത്ത് ജനവാസ മേഖലയിൽ ഇറങ്ങാൻ സാധ്യതയില്ലെന്നാണ് വനപാലകർ പറയുന്നു.

Related Articles

Latest Articles