അമ്മ മലയാളത്തിന് പ്രിയങ്കരിയായ കവയിത്രിയും, സാമൂഹിക-പരിസ്ഥിതി മേഖലകളിലെ ശ്രദ്ധേയ സാന്നിധ്യവുമായിരുന്ന സുഗത കുമാരി വിടപറഞ്ഞിട്ട് ഇന്ന് രണ്ടുവർഷം. തന്റെ കവിതകളിലൂടെ അനശ്വരമായ മാതൃ വാത്സല്യം വിളമ്പിയ കവയിത്രി ആയിരുന്നു സുഗത കുമാരി. പ്രകൃതിയിൽ അലിഞ്ഞു ചേരുന്ന, പ്രകൃതിക്ക് വേണ്ടി എന്നെന്നും കലഹിച്ചുകൊണ്ടിരുന്ന സുഗത കുമാരി സഹൃദയർക്ക് എന്നും സരസ്വതീ അവതാരം തന്നെയായിരുന്നു. മണ്ണിനും കാടിനും മലയ്ക്കും ജീവജലത്തിനും കിളികള്‍ക്കും തുടങ്ങി സകലതിനും വേണ്ടി ഉറക്കെയുറക്കെ ശബ്ദിച്ചു, കലഹിച്ചു. കവിതയായും ലേഖനങ്ങളായും കൂരമ്പുപോലെ തുളഞ്ഞുകയറുന്ന വാക്കുകളായും ആശയങ്ങള്‍ ജനങ്ങളിലേക്കെത്തിച്ചു. ഏറ്റെടുത്ത വിഷയങ്ങള്‍ക്കായി മലപോലെ ഉറച്ചുനിന്നു. 2020 ഡിസംബര്‍ 23-നാണ് ആ പ്രകാശം അണഞ്ഞത്.
1934 ജനുവരി 22ന് തിരുവനന്തപുരത്ത് ജനിച്ചു. പിതാവ്: സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരൻ, മാതാവ്: വി.കെ. കാർത്യായനി അമ്മ. തത്വശാസ്ത്രത്തിൽ എം.എ. ബിരുദം നേടിയിട്ടുണ്ട്. സൈലന്റ് വാലി പ്രക്ഷോഭത്തിൽ സുഗതകുമാരി വലിയ പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകൾ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സുഗതകുമാരി അശ്രാന്തം പരിശ്രമിക്കുന്നു. സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന എഴുത്തച്ഛൻ പുരസ്കാരത്തിന് 2009-ൽ അർഹയായിട്ടുണ്ട്.
തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പലായിരുന്നു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് എന്ന മാസികയുടെ ചീഫ് എഡിറ്ററാണ്. പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി. സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാർഡ് ലഭിച്ചിട്ടുണ്ട്. ഭർത്താവ്: പരേതനായ ഡോ. കെ. വേലായുധൻ നായർ. മകൾ: ലക്ഷ്മി. അദ്ധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായ ഹൃദയകുമാരി സഹോദരിയാണ്.
അതേസമയം കേരളം നെഞ്ചിലേറ്റിയ കാവയത്രിയുടെ മരണാനന്തരം കേട്ട പ്രഖ്യാപനങ്ങളൊക്കെയും കടലാസിലൊതുങ്ങി. പ്രിയ എഴുത്തുകാരിക്ക് ആദരമായി ബേക്കറി ജങ്ഷനില്‍നിന്ന് നന്ദാവനം വഴി മ്യൂസിയത്തിലേക്കുള്ള റോഡിന് പേരിടുമെന്ന് 2021 ജനുവരിയില്‍ ചേര്‍ന്ന കോര്‍പ്പറേഷന്‍ കൗണ്‍സില്‍ പ്രഖ്യാപിച്ചിരുന്നു. പക്ഷെ അതിപ്പോഴും പ്രഖ്യാപനമായി തന്നെ അവശേഷിക്കുന്നു. സൈലന്റ്വാലി മുതല്‍ പൂയംകുട്ടി, ചീമേനി, അട്ടപ്പാടി, അതിരപ്പിള്ളി, ജീരകപ്പാറ, മാവൂര്‍, ആലപ്പാട്, ആറന്മുള എന്നിങ്ങനെ പരിസ്ഥിതിക്കായി സുഗതകുമാരി പോരാടിയ ഇടങ്ങളിലൊന്നും സ്മാരകങ്ങള്‍ ഉയര്‍ന്നില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മന്ത്രി തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ച ഉചിതമായ സ്മാരകവും ഉയര്‍ന്നില്ല. രണ്ട് കോടി രൂപയാണ് സുഗത കുമാരി സ്മാരകത്തിനായി മാറ്റിവച്ചത്. അതും പ്രഖ്യാപനം മാത്രമായി ഒതുങ്ങി.

