Sunday, September 20, 2026

പൂഞ്ചിൽ ഭീകരരുടെ രഹസ്യതാവളം തകർത്ത് സുരക്ഷാ സേന; ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു; കേസെടുത്ത് അന്വേഷണം ആരംഭിച്ച് പോലീസ്

ശ്രീനഗർ: പൂഞ്ചിൽ ഭീകരരുടെ രഹസ്യതാവളം തകർത്ത് സുരക്ഷാ സേന. ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. പൂഞ്ച് ജില്ലയിൽ സംഗ്ല പ്രദേശത്തായിരുന്നു സുരക്ഷാ സേന പരിശോധന നടത്തിയത്.

പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യം ഉള്ളതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുന്നതിനിടയിലാണ് ഭീകരരുടെ രഹസ്യതാവളം കണ്ടത്. ഇവിടെ നിന്നും 51 എംഎം മോർട്ടാർ, മൂന്ന് ഷെല്ലുകൾ, തോക്ക്, വെടിയുണ്ട, സ്‌ഫോടക വസ്തുക്കൾ എന്നിവയാണ് കണ്ടെടുത്തത്. ബാഗിലാക്കി മണ്ണിൽ കുഴിച്ചിട്ട നിലയിൽ ആയിരുന്നു ആയുധങ്ങൾ. ഇവയിൽ തുരുമ്പ് എടുത്ത ആയുധങ്ങളും ഉണ്ടായിരുന്നതായി സുരക്ഷാസേന അറിയിച്ചു. ആയുധങ്ങൾ പോലീസ് വിശദമായി പരിശോധിക്കുകയാണ്. ഒളിത്താവളത്തിൽ നിന്നും ചില രേഖകളും കണ്ടെടുത്തിട്ടുണ്ട്. ഇതും പരിശോധിക്കുന്നുണ്ട്.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭീകരർക്കായി പ്രദേശത്ത് പരിശോധന പുരോഗമിക്കുകയാണ്. രാഷ്ട്രീയ റൈഫിൾസും പോലീസും ചേർന്നായിരുന്നു സംഗ്ലയിൽ പരിശോധന നടത്തിയത്.

Related Articles

Latest Articles