Sunday, May 19, 2024
spot_img

എണ്ണക്കപ്പലുകള്‍ക്ക് സുരക്ഷ; ഇറാനെതിരെ യുദ്ധസൂചനയുമായി അമേരിക്ക

വാഷിങ്ടന്‍: ‘പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാല്‍ ഇറാനെതിരെ സൈനികനീക്കം ഉള്‍പ്പെടെയുള്ള നടപടികള്‍ യുഎസിന്റെ പരിഗണനയിലാണ്’- സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയുടേതാണു വാക്കുകള്‍.

ഒമാന്‍ ഉള്‍ക്കടലിലെ കപ്പലാക്രമണത്തിന്റെ പേരില്‍ മധ്യപൂര്‍വദേശത്തെ സംഘര്‍ഷം പുകഞ്ഞു കൊണ്ടിരിക്കുന്നതിനിടെയാണ് ഇറാനെ നേരിടാന്‍ ഏതറ്റം വരെയും പോകുമെന്ന പോംപെയോയുടെ മുന്നറിയിപ്പ്.

മധ്യപൂര്‍വദേശത്തെ ഇന്ധനനീക്കത്തിനു സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും പോംപെയോ പറഞ്ഞു.

മേഖല സംഘര്‍ഷത്തിലേക്കു പോവുകയാണെന്ന രീതിയില്‍ പ്രഖ്യാപനം വന്നതിനു പിന്നാലെ ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നു. ബ്രെന്റ് ക്രൂഡിന് 0.4 ശതമാനം വിലയുയര്‍ന്ന് ബാരലിന് 62.28 ഡോളറിലെത്തി. വിലയില്‍ 1.1 ശതമാനത്തിന്റെ വര്‍ധനവായിരുന്നു വെള്ളിയാഴ്ച രേഖപ്പെടുത്തിയിരുന്നത്.

‘ഇറാനുമായുള്ള സംഘര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ സൈനിക നടപടി ഉള്‍പ്പെടെ എല്ലാ സാധ്യതകളും യുഎസ് പരിശോധിക്കുന്നുണ്ട്. ആക്രമണം രാജ്യാന്തര സമൂഹത്തിനു നേരെ ഉയരുന്ന വെല്ലുവിളിയാണ്.

സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യം നേടാനായി ഒന്നുകില്‍ നയതന്ത്രപരമായി അല്ലെങ്കില്‍ ലക്ഷ്യത്തിലേക്ക് എത്താനുള്ള മറ്റുവഴികള്‍. പക്ഷേ യുദ്ധത്തിലേക്കു പോകാന്‍ തനിക്ക് ആഗ്രഹമില്ലെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തെ സ്ഥിതിഗതികള്‍ അറിയിച്ചു കൊണ്ടിരിക്കുകയാണ്. മധ്യപൂര്‍വദേശത്തെ ഏത് ആക്രമണത്തെയും പ്രതിരോധിക്കാവുന്ന സംവിധാനം ഉറപ്പാക്കാനാകുമെന്നു തന്നെയാണ് യുഎസിന്റെ വിശ്വാസം’- ചാനല്‍ അഭിമുഖത്തില്‍ പോംപെയോ പറഞ്ഞു.

Related Articles

Latest Articles