Sunday, May 19, 2024
spot_img

കൊവിഡ് കാലത്തും അമിത ഫീസ് ഈടാക്കി സ്വാശ്രയ മാനേജ്‌മെന്‍റ് കോളേജുകൾ; സർവകലാശാലകൾക്ക് പരാതി നൽകിയിട്ടും നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല

കൊവിഡ് പ്രതിസന്ധിക്കിടെ വിദ്യാർത്ഥികളിൽ നിന്നും അമിത ഫീസ് ഈടാക്കി സ്വാശ്രയ മാനേജ്‌മെന്‍റ് കോളേജുകൾ. ട്യൂഷൻ ഫീസിന് പുറമേ സ്‌പെഷ്യൽ ഫീസ് ഇനത്തിലും വൻ തുകയാണ് കോളേജുകൾ ആവശ്യപ്പെടുന്നത്. ഫീസ് അടക്കാത്ത കുട്ടികളുടെ അറ്റൻഡൻസ് വെട്ടിക്കുറക്കുന്നതായും പരാതികളുയര്‍ന്നിട്ടുണ്ട്. സർവകലാശാലകൾക്ക് പരാതി നൽകിയിട്ടും നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു.

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കോളേജുകളെല്ലാം തന്നെ അടഞ്ഞു കിടക്കുകയാണ്. വിദ്യാർത്ഥികൾ ക്ലാസ് മുറികളോ ലബോറട്ടറി സംവിധാനങ്ങളോ ഉപയോഗിക്കുന്നില്ല. കൾച്ചറൽ പ്രോഗ്രാമുകളോ ഫെസ്റ്റിവലുകളോ നടക്കുന്നില്ല.

സെമിനാറുകൾ മാറി വെബിനാറുകളായപ്പോൾ ഓഡിറ്റോറിയങ്ങളും ശൂന്യമാണ്. അധ്യാപനമാണെങ്കിൽ ഡിജിറ്റൽ മാധ്യമങ്ങളുടെ സ്‌ക്രീനുകൾക്കുള്ളിൽ ഒതുങ്ങിക്കഴിഞ്ഞു. എന്നാൽ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ കഴിഞ്ഞ വർഷത്തിലേതിനേക്കാൾ അധികഫീസാണ് കൊവിഡ് പ്രതിസന്ധിക്കിടയിലും ഈടാക്കുന്നതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

അതേസമയം കൾച്ചറൽ പ്രോഗ്രാം, സ്‌പോർട്‌സ്, ലാബ്, ലൈബ്രറി, ഹോസ്റ്റൽ എന്നിങ്ങനെ വിദ്യാർത്ഥികൾ ഉപയോഗിക്കാത്തതോ പങ്കാളിത്തമില്ലാത്തതോ ആയ കാര്യങ്ങൾക്ക് ഫീസ് ഈടാക്കുന്ന സ്വാശ്രയ മനേജുമെന്‍റുകൾക്കെതിരെ സർക്കാർ അടിയന്തിരരമായി ഇടപെടാൻ തയാറാവണമെന്നാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും ഉന്നയിക്കുന്ന ആവശ്യം.

Related Articles

Latest Articles