Monday, May 13, 2024
spot_img

കോവിഡ്-19 ബാധിച്ച് മരിച്ചവര്‍ക്കായുളള അന്തിമകര്‍മം നിര്‍വഹിക്കാന്‍ അനുമതി നല്‍കി കൊല്‍ക്കത്ത ഹൈക്കോടതി

കൊല്‍ക്കത്ത: കോവിഡ്-19 ബാധിച്ച് മരിച്ചവര്‍ക്കായുളള അന്തിമകര്‍മം നിര്‍വഹിക്കാന്‍ ബന്ധുക്കള്‍ക്ക് കൊല്‍ക്കത്ത ഹൈക്കോടതിയുടെ അനുമതി. ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചു കൊണ്ട് ആചാരമനുസരിച്ചുള്ള കര്‍മങ്ങള്‍ നിര്‍വഹിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കോവിഡ് മൂലം മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മൃതദേഹം കാണുന്നതിനും അന്തിമ കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനുമുള്ള അവസരം ലഭ്യമാകണമെന്ന് ചീഫ് ജസ്റ്റിസ് ടി ബി രാധാകൃഷ്ണന്‍, ജസ്റ്റിസ് അര്‍ജിത് ബാനര്‍ജി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

കോവിഡിനിരയായ വ്യക്തിയുടെ കുടുംബത്തിന് മൃതദേഹം സംസ്‌കരിക്കുന്നതിന് മുമ്പ് അന്തിമകര്‍മമനുഷ്ഠിക്കാനുള്ള അവകാശം ഭരണഘടനയുടെ 21-ാം വകുപ്പ് ഉറപ്പു നല്‍കുന്ന മൗലികാവകാശത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുമെന്ന് കോടതി നിരീക്ഷിച്ചു. ജീവിച്ചിരിക്കുന്ന പൗരന് മാത്രമല്ല, മരിച്ച വ്യക്തിയ്ക്കും ഭൗതികാവശിഷ്ടങ്ങള്‍ സംബന്ധിച്ച് ഭരണഘടനയുടെ 21-ാം വകുപ്പ് ഉറപ്പു നല്‍കുന്ന മൗലികാവകാശത്തിന് അര്‍ഹതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

കുടുംബാംഗങ്ങള്‍ക്ക് അന്തിമകര്‍മത്തിനുള്ള അവകാശം നിഷേധിക്കുക വഴി അനൗപചാരികവും അന്തസില്ലാത്താതുമായ രീതിയിലാണ് കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാരം നടത്തുന്നതെന്ന് കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

കോവിഡ് മൂലം മരിച്ചവരുടെ അന്തിമകര്‍മം നിര്‍വഹിക്കുന്ന ബന്ധുക്കള്‍ രോഗപ്രതിരോധത്തിനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അതിനായി മുഖം പുറത്തു കാണുന്ന വിധത്തിലുള്ള സുതാര്യമായ ആവരണം ഉപയോഗിച്ച് മൃതദേഹം പൊതിയുന്നതുള്‍പ്പെടെ ഒമ്പത് മാര്‍ഗരേഖകളും കോടതി മുന്നോട്ടു വെച്ചു. എന്നാല്‍ നിലവില്‍ കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പറേഷനാണ് കോവിഡ് മൂലം മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത്.

Related Articles

Latest Articles