ദില്ലി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിരോധമന്ത്രിയുമായ എ.കെ ആന്റണിയ്‌ക്ക് കൊറോണ സ്ഥിരീകരിച്ചു. എന്നാൽ ഇത് രണ്ടാം തവണയാണ് ആന്റണിക്ക് കോവിഡ് രോഗബാധ. വൈറസ് ബാധിതനായതിനെ തുടർന്ന്, ഇന്ന് നടക്കുന്ന പ്രവർത്തക സമിതി യോഗത്തിൽ അദ്ദേഹം പങ്കെടുക്കുന്നില്ല.
ഇന്ന് നടത്തിയ പരിശോധനയിലാണ് ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ടെന്നും ഡേക്ടർമാർ അറിയിച്ചു.
അതേസമയം തന്നെ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ നിന്നും വിട്ടുനിന്നു. ഇന്ന് രാവിലെ സോണിയാ ഗാന്ധിയുടെ വീട്ടിൽ നടന്ന യോഗത്തിലും മൻമോഹൻ സിംഗും, ആന്റണിയും പങ്കെടുത്തിരുന്നില്ല. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ചർച്ച ചെയ്യാൻ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ആകെ 57 മുതിർന്ന നേതാക്കളാണ് പങ്കെടുക്കുന്നത്.

