Thursday, November 5, 2026

മാദ്ധ്യമ പ്രവർത്തനം വിട്ട് സിപിഎമ്മിലെത്തിയ എം വി നികേഷ്‌കുമാറിന് ശനിദശ ? തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയുടെ സൈബർ ടീമിൽ വൻ പൊട്ടിത്തെറി! നികേഷിനോട് പിണങ്ങി മുതിർന്ന മാദ്ധ്യമപ്രവർത്തകരുടെ കൂട്ടരാജി! മുഖ്യമന്ത്രിക്കും അതൃപ്തി

റിപ്പോർട്ടർ ടി വിയുടെ ഉടമസ്ഥാവകാശം അഗസ്റ്റിൻ സഹോദരന്മാർക്ക് കൈമാറിയതോടെ മാദ്ധ്യമ പ്രവർത്തനം വിട്ട് സിപിഎമ്മിലേക്ക് പോയ മുതിർന്ന മാദ്ധ്യമ പ്രവർത്തകനാണ് എം വി നികേഷ് കുമാർ. അദ്ദേഹം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുമുണ്ട്. മാദ്ധ്യമ പ്രവർത്തനത്തിനിടെ തന്റെ സിപിഎം അനുകൂല നിലപാട് തുറന്നു പറഞ്ഞിട്ടുള്ള ഒരു വ്യക്തികൂടെയാണ് എം വി നികേഷ്‌കുമാർ. റിപ്പോർട്ടർ ടി വി യിൽ നിന്ന് പാർട്ടിയിലേക്ക് വന്ന എം വി നികേഷ്‌കുമാർ പാർട്ടിയുടെ സൈബർ വിഭാഗത്തിന്റെ തലപ്പത്തേക്കാണ് വന്നത്. സംസ്ഥാനത്തെ മുതിർന്ന ഇടത് അനുകൂല മാദ്ധ്യമ പ്രവർത്തകരെ അണിനിരത്തി സിപിഎം അതിന്റെ സൈബർ ടീം വിപുലീകരിച്ച വാർത്തകൾ നമ്മൾ കേട്ടതാണ്. ഇപ്പോഴിതാ ആ പേരുകേട്ട സൈബർ ടീമിൽ വൻ പൊട്ടിത്തെറിയെന്ന വാർത്തയാണ് വരുന്നത്. എം വി നികേഷ് കുമാറിന്റേത് ഒരു ഏകാധിപത്യ പ്രവണതയാണെന്നും അദ്ദേഹത്തിന്റെ നിലപാടുകളോട് യോജിക്കാൻ കഴിയാതെ മുതിർന്ന മാദ്ധ്യമ പ്രവർത്തകർ സൈബർ ടീം വിട്ടതായാണ് സൂചന.

ദേശാഭിമാനി മുൻ എഡിറ്റർമാരായിരുന്ന കെ വി സുധാകരൻ, കെ മോഹൻദാസ്, ഇ എ സുഭാഷ് തുടങ്ങിയ മുതിർന്ന മാദ്ധ്യമ പ്രവർത്തകരാണ് കൂട്ടത്തോടെ രാജിവച്ച് പുറത്തുപോയത്, എം വി നികേഷ്‌കുമാറിന്റെ നേതൃത്വത്തോടുള്ള അതൃപ്‌തി വ്യക്തമാക്കിത്തന്നെയാണ് അവർ സൈബർ ടീം വിട്ടത്. ടീമിലെ നിരവധി യുവ മാദ്ധ്യമ പ്രവർത്തകർക്കും എം വി നികേഷ്‌കുമാറിനെ അംഗീകരിക്കാനാകുന്നില്ല. തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടി ചുമതല വിടുന്നത് ചർച്ചകൾക്ക് വഴിയൊരുക്കും എന്നതിനാലാണ് പലരും ടീമിൽ തുടരുന്നത് എന്നാണ് സൂചന.

സിപിഎം സൈബർ സംഘത്തിന്റെ ഇടപെടൽ അത്ര കാര്യക്ഷമമല്ലെന്നാണ് നിലവിൽ പാർട്ടിയുടെ വിലയിരുത്തലും. ടീമിലെ ചക്കളത്തിൽ പോര് പാർട്ടിയുടെ സൈബർ ലോകത്തെ ഇടപെടലിനെ സാരമായി ബാധിച്ചു. മുഖ്യമന്ത്രിക്കും സൈബർ ടീമിന്റെ പ്രവർത്തനത്തിൽ അതൃപ്തിയുണ്ടെന്നാണ് സൂചന. പാർട്ടിയുടെ സൈബർ വിഭാഗം ഇതുപോലെ മോശമായ സമയം ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പാർട്ടി വേദികളിൽ തുറന്നടിച്ചതായാണ് റിപ്പോർട്ടുകൾ. എം വി നികേഷ് കുമാറിനെ പിന്തുണയ്ക്കുന്നതും സംരക്ഷിക്കുന്നതും പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനാണ്. ഈ സാഹചര്യത്തിൽ നികേഷ് കുമാറിന്റെ പ്രവർത്തനത്തിൽ മുഖ്യമന്ത്രിക്കുള്ള അതൃപ്‌തി പാർട്ടിയിൽ വലിയ ചർച്ചാ വിഷയമായിട്ടുണ്ട്.

മൂന്നാം പിണറായി സർക്കാർ എന്ന ലക്ഷ്യത്തോടെ പാർട്ടി നടത്തുന്ന പ്രവർത്തനങ്ങൾ സൈബർ ലോകത്ത് എത്തിക്കുക എന്ന ദൗത്യമായിരുന്നു സൈബർ ടീമിനുള്ളത്. കേരളത്തിൽ വളരെ ശ്രദ്ധേയനായ മാദ്ധ്യമ പ്രവർത്തകനായ എം വി നികേഷ്‌കുമാറിനെ തന്നെ പാർട്ടി ആ ദൗത്യം ഏൽപ്പിക്കുകയായിരുന്നു. തുടർന്നാണ് മുതിർന്ന മാദ്ധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തി സൈബർ ടീം വിപുലീകരിച്ചത്. ഇടത് അനുകൂല ഓൺലൈൻ ചാനലുകൾ അടക്കം ആരംഭിച്ച് ശക്തമായ പ്രചാരണ പരിപാടികളാണ് ആസൂത്രണം ചെയ്‌തത്‌. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സുപ്രധാനമായ പ്രചാരണ വിഭാഗത്തിൽ പൊട്ടിത്തെറിയുണ്ടായത്. മുഖ്യമന്ത്രിയടക്കം അഭിപ്രായ വിത്യാസം രേഖപ്പെടുത്തിയ പശ്ചാത്തലത്തിൽ നികേഷ്‌കുമാറിനെ പാർട്ടി സൈബർ ടീമിന്റെ തലപ്പത്തുനിന്ന് മാറ്റുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.

സൈബർ ലോകത്തെ പ്രചാരണം പാർട്ടികൾ ഗൗരവത്തോടെ കാണുന്ന കാലഘട്ടമാണിത്. സമൂഹമദ്ധ്യമങ്ങൾ വോട്ടർമാരിൽ വലിയ സ്വാധീനം ചെലുത്തുന്നു. ചെറു വീഡിയോ റിപ്പോർട്ടുകളും റീലുകളും ജനങ്ങളുടെ അഭിപ്രായ രൂപീകരണത്തിൽ വലിയ പങ്കുവഹിക്കുന്നു. വിപുലമായ സോഷ്യൽ മീഡിയ ടീമിന് രൂപം നൽകാൻ പാർട്ടികളെ പ്രേരിപ്പിക്കുന്നത് ഇതാണ്. ബിജെപിയും യു ഡി എഫുമെല്ലാം സൈബർ ടീമിനെ ശക്തിപ്പെടുത്തുമ്പോഴാണ് ഈ രംഗത്ത് സിപിഎമ്മിന് തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ തിരിച്ചടി ഏൽക്കുന്നത്.

Related Articles

Latest Articles