Friday, May 3, 2024
spot_img

രണ്ട് തവണ പ്രധാനമന്ത്രിയായത് പോരെ എന്ന്’ പ്രതിപക്ഷത്തെ മുതിർന്ന നേതാവിന്റെ ചോദ്യം; 100% ലക്ഷ്യം പൂര്‍ത്തിയാക്കാതെ വിശ്രമമില്ലെന്ന് പ്രധാനമന്ത്രിയുടെ മറുപടി; മൂന്നാമൂഴത്തിന് തയാറെന്ന് സൂചന നല്‍കി മോദി

ദില്ലി: മൂന്നാമങ്കത്തിനും താൻ തയാറെന്ന സൂചന നൽകിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളെല്ലാം 100 ശതമാനം പൂര്‍ത്തിയാകാതെ തനിക്കു വിശ്രമമില്ലെന്നു നരേന്ദ്ര മോദി വ്യക്തമാക്കി. വിധവകൾക്കും പ്രായമായവർക്കും നിരാലംബരായ പൗരന്മാർക്കുമുള്ള ഗുജറാത്ത് സർക്കാരിന്റെ ധനസഹായ പദ്ധതികളുടെ ഗുണഭോക്താക്കളെ വീഡിയോ ലിങ്ക് വഴി അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. അതിനിടെയാണ് വെളിപ്പെടുത്തൽ

രണ്ട് തവണ പ്രധാനമന്ത്രി ആയില്ലേ, അതു പോ​രേ എന്ന് താൻ ആദരിക്കുന്ന മുതിർന്ന പ്രതിപക്ഷനേതാവ് തന്നോട് ചോദിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എന്നാൽ, പിൻമാറാൻ താൻ ഒരുക്കമല്ല എന്ന നിലയിലാണ് മോദി മറുപടി നൽകിയത്. . ‌കേന്ദ്ര സർക്കാരിന്റെ നാലു പദ്ധതികളുടെ ഗുണഭോക്താക്കളാണ് ചടങ്ങിൽ എത്തിയത്.

”ഞാൻ ബഹുമാനിക്കുന്ന വളരെ മുതിർന്ന പ്രതിപക്ഷ നേതാവായിരുന്ന ആൾ ഒരിക്കൽ ചോദിച്ചു. രണ്ടു തവണ പ്രധാനമന്ത്രിയായി ഇനി എന്താണ് നേടാനുള്ളത് എന്ന്. സർക്കാരിന്റെ പദ്ധതികളെല്ലാം 100 ശതമാനം പൂർത്തിയാക്കാതെ എനിക്കു വിശ്രമമില്ലെന്ന‍ു” മറുപടി നൽകി എന്നാണ് നരേന്ദ്ര മോദി വ്യക്തമാക്കി.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ…

”ഒരിക്കൽ ഞാൻ ഒരു നേതാവിനെ കണ്ടു. അദ്ദേഹം വളരെ മുതിർന്ന നേതാവാണ്. രാഷ്ട്രീയമായി എതിർചേരിയിലാണ്, പക്ഷേ, ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു. ഒരുദിവസം അദ്ദേഹം മറ്റു ചില വിഷയങ്ങൾക്കായി എന്നെ കാണാൻ വന്നു. അദ്ദേഹം പറഞ്ഞു ‘മോദിജി, ഇനി താങ്കൾക്ക് എന്താണ് നേടാനുള്ളത്? രാജ്യം രണ്ടു തവണ താങ്കളെ പ്രധാനമന്ത്രിയാക്കിയല്ലോ. അദ്ദേഹം വിചാരിച്ചു, രണ്ടു തവണ പ്രധാനമന്ത്രിയായത് വലിയൊരു നേട്ടമാണെന്ന്. എന്നാൽ അദ്ദേഹത്തിന് അറിയില്ല, ഈ മോദിയെ മറ്റൊന്നുകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഗുജറാത്തിന്റെ മണ്ണാണ് മോദിയെ രൂപപ്പെടുത്തിയത്. ഇപ്പോൾ വിശ്രമിക്കാറായിട്ടില്ല. സംഭവിച്ച കാര്യങ്ങളെല്ലാം നല്ലതിനാണ്. അല്ല, പരിപൂർണ പരിണാമം സംഭവിക്കുക എന്നതാണ് എന്റെ സ്വപ്നം. ലക്ഷ്യം 100 ശതമാനം പൂർത്തീകരിക്കുക. സർക്കാർ സംവിധാനങ്ങളെ ഒരു ശീലത്തിലേക്കു മാറ്റുക, പൗരന്മാരിൽ വിശ്വാസം കൊണ്ടുവരിക. 2014ൽ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പകുതിയോളം ജനങ്ങൾ ശൗചാലയ സൗകര്യങ്ങൾ, വാക്സിനേഷൻ, വൈദ്യുതി, ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയവയിൽനിന്ന് അകലെയായിരുന്നു. ഒരു തരത്തിൽപ്പറഞ്ഞാൽ അവര്‍ക്ക് അവയൊക്കെ നിഷേധിക്കപ്പെട്ടിരിക്കുകയായിരുന്നു. ഈ വർഷങ്ങൾ നമ്മുടെ പ്രയത്നത്താൽ പല പദ്ധതികളും 100 ശതമാനം സാക്ഷാത്കരിക്കാനായി. ഇവയൊക്കെ ബുദ്ധിമുട്ടേറിയ കാര്യങ്ങളായിരുന്നു. വിഷയത്തിൽ തൊടാൻ പോലും രാഷ്ട്രീയക്കാർക്ക് പേടിയായിരുന്നു. എന്നാൽ ഞാനിവിടെ രാഷ്ട്രീയം കളിക്കാൻ വന്നതല്ല, രാജ്യത്തിന്റെ പൗരന്മാരെ സേവിക്കാൻ വന്നതാണ്” -മോദി കൂട്ടിച്ചേർത്തു.

Related Articles

Latest Articles