കൊച്ചി: കേരളത്തിൽ ആയുഷ് ചികിത്സാ വിഭാഗങ്ങളുടെ സമഗ്ര വികസനത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കണമെന്ന് വിശ്വ ആയുർവേദ പരിഷത്ത് സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കേരള സർക്കാരിനോട് പ്രമേയവും പാസാക്കി.
രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും സമഗ്ര ആരോഗ്യപരിപാലനം ഉറപ്പാക്കുന്നതിനും ആയുഷ് ചികിത്സാ സംവിധാനങ്ങളെ കൂടുതൽ ഫലപ്രദമായി പ്രയോജനപ്പെടുത്തണമെങ്കിൽ പ്രത്യേക മന്ത്രാലയം അനിവാര്യമാണെന്ന് നേതൃയോഗം വിലയിരുത്തി. ആയുർവേദം ഉൾപ്പെടെയുള്ള ആയുഷ് ചികിത്സാ വിഭാഗങ്ങളുടെ സമഗ്ര വികസനത്തിനും കേരളത്തെ മെഡിക്കൽ ടൂറിസത്തിന്റെ പ്രധാന കേന്ദ്രമാക്കി ഉയർത്തുന്നതിനും ഇത് സഹായകരമാകുമെന്നും യോഗം അഭിപ്രായപ്പെട്ടു.
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിൽ ചെറുകിട സ്വകാര്യ ആയുർവേദ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന വ്യവസ്ഥകൾ ഭേദഗതി ചെയ്യണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. കൂടാതെ, കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ സ്ഥാപിക്കുന്നതിനും പ്രത്യേക ആയുഷ് സർവകലാശാല ആരംഭിക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കണമെന്നും നേതൃയോഗം ആവശ്യപ്പെട്ടു.
ആരോഗ്യഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. ജെ. രാധാകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. വിശ്വ ആയുർവേദ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ. ടി.ടി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. വർക്കിങ് പ്രസിഡന്റ് ഡോ. രവികുമാർ കല്യാണിശ്ശേരിൽ പ്രമേയം അവതരിപ്പിച്ചപ്പോൾ ജനറൽ സെക്രട്ടറി ഡോ. ആദർശ് സി. രവി റിപ്പോർട്ട് അവതരിപ്പിച്ചു.
യോഗത്തിൽ ഡോ. എം. ദിനേശ്കുമാർ, ഡോ. അർജുൻചന്ദ്, ഡോ. ധനേഷ് കണ്ണൻ, ഡോ. കെ.ആർ. രാഹുൽ, ഡോ. ദിവ്യലക്ഷ്മി, ഡോ. മനോജ് കുമാർ എന്നിവർ സംസാരിച്ചു.

