Friday, May 3, 2024
spot_img

സിപിഎമ്മിൽ വിവാദം പുകയുന്നു ..! വസ്തുവുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ ഏരിയാ കമ്മിറ്റിയംഗത്തിനെതിരെ ജില്ലാ സെക്രട്ടറിക്ക് ഗുരുതര പരാതി, ഇതാണോ പാർട്ടി നടപടിയെന്ന് പള്ളി അധികൃതർ

തിരുവനന്തപുരം: ആലപ്പുഴ സി പി എമ്മിൽ വിവാദങ്ങൾ പുകയുകയാണ്.ക്വട്ടേഷൻ കേസിനും, കള്ളക്കടത്ത് കേസിനും,ലഹരിമരുന്ന് വേട്ടയിലും, വാട്സ് ആപ്പ് സന്ദേശങ്ങൾ പുറത്ത് വന്നതിനും പിന്നാലെ വീണ്ടും സി പി എമ്മിന് നാണക്കേട് ഉണ്ടായിരിക്കുകയാണ്. തലവേദനയുടെ നാളുകളാണ് പാർട്ടി നേരിടുന്നത്.സി പി എമ്മിൽ കമ്മീഷന്‍ വിവാദവും തലപൊക്കിയിരിക്കുകയാണ്.പഞ്ചായത്തുമായുള്ള വസ്തു തർക്കം പരിഹരിക്കാൻ സിപിഎം നേതാവ് ഒരു ലക്ഷം രൂപയും മൂന്ന് സെന്റ് ഭൂമിയും കമ്മീഷന്‍ ചോദിച്ചെന്ന് ക്രിസ്ത്യൻ പള്ളി അധികൃതർ ജില്ലാ കമ്മിറ്റിക്ക് രേഖാമൂലം പരാതി നൽകി. സിപിഎം ചേർത്തല എരിയാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ ശ്യാംകുമാറിനെതിരെയാണ് പരാതിലഭിച്ചത്.

സെന്റ് മേരീസ് ഫെറോന പള്ളിക്ക് പള്ളിച്ചന്ത കവലയിൽ സ്ഥലവും ഒരു കെട്ടിട സമുച്ചയവുമുണ്ട്.ഈ സ്ഥലത്തെ ചൊല്ലി പള്ളിപ്പുറം പഞ്ചായത്തുമായി തര്‍ക്കം നിലവിലുണ്ട്. പുറമ്പോക്ക് ഭൂമിയെന്നാണ് പഞ്ചായത്ത് ഉന്നയിക്കുന്ന വാദം. ഇതേ സ്ഥലത്ത് തന്നെ സിഐടിയുവിന്‍റെ ഒരു താത്കാലിക ഷെഡുമുണ്ട്. സ്ഥലത്തെ പഴയ കെട്ടിടം പൊളിച്ച് കളഞ്ഞ് പുതിയ കെട്ടിടം നിർമ്മിക്കാൻ തീരുമാനിച്ചിരുന്നു.നിർമ്മാണ പ്രവർത്തികൾ തുടങ്ങാനിരിക്കെ ശ്യാംകുമാര്‍ ജോലി തടസ്സപ്പെടുത്തി രംഗത്തെത്തി.മാത്രമല്ല പള്ളി ഭാരവാഹികളെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് സിപിഎം ജില്ലാസെക്രട്ടറി ആർ നാസറിന് പള്ളി വികാരി ഫാദര്‍ തോമസ് വൈക്കത്തുപറമ്പില്‍ രേഖാ മൂലം നല്‍കിയ പരാതിയില്‍ പറയുന്നു.

പിന്നീട് ഹൈക്കോടതി ഉത്തരവോടെ ഭൂമി അളന്നാല്‍ അംഗീകരിക്കുമെന്ന് പറഞ്ഞതോടെ തഹസീല്‍ദാരെ കൊണ്ട് ഭൂമി അളക്കാന്‍ ഹൈക്കോടതിയുടെ താത്കാലിക ഉത്തരവ് വാങ്ങി. ഈ മാസം മൂന്നിന് കുറ്റിയിടാന്‍ എത്തിയപ്പോള്‍ ശ്യാം കുമാര്‍ വീണ്ടും നിർമ്മാണപ്രവർത്തനങ്ങൾ തടസ്സപ്പെടുത്തി. ഇതോടെ സിപിഎം നേതൃത്വത്തിന് പരാതി നൽകാന്‍ പള്ളി ഭാരവാഹികള്‍ തീരുമാനിക്കുകയായിരുന്നു.പാര്‍ട്ടി തീരുമാനം എന്ന് പറഞ്ഞാണ് ശ്യാം കുമാര്‍ പണം ചോദിക്കുന്നതെന്നും ഇത് പാര്‍ട്ടി നിലപാട് തന്നെയാണോ എന്ന് വ്യക്തമാക്കണമെന്നും ചോദിച്ചാണ് പള്ളി വികാരി പരാതി നൽകിയിരിക്കുന്നത്.

Related Articles

Latest Articles