Friday, November 20, 2026

ഐ.ടി. പാർക്കുകളിൽ മദ്യശാലകൾക്ക് തിരിച്ചടി: പഴയ എൽ.ഡി.എഫ് തീരുമാനത്തിന് തടയിട്ട് മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും

സംസ്ഥാനത്തെ ഐ.ടി. പാർക്കുകളിൽ പബ്ബുകൾ ആരംഭിക്കാനുള്ള മുൻ എൽ.ഡി.എഫ് സർക്കാരിന്റെ നീക്കത്തിന് താൽക്കാലിക തടയിട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും എക്സൈസ് മന്ത്രി എം. ലിജുവും. ഐ.ടി. പാർക്കുകളെ മദ്യവിൽപ്പന കേന്ദ്രങ്ങളാക്കി മാറ്റാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട വിഷയം നിയമസഭാ സബ്ജക്റ്റ് കമ്മിറ്റി യോഗത്തിൽ ചർച്ചയായപ്പോഴാണ് എതിർപ്പ് ഉയർന്നത്. മുൻ സർക്കാർ കൊണ്ടുവന്ന തീരുമാനത്തോട് എക്സൈസ് മന്ത്രി ലിജു വിയോജിപ്പ് പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്.

ഐ.ടി. പാർക്കുകളിൽ പബ്ബുകൾ അനുവദിക്കുന്നതിനുള്ള നിർദേശത്തിന് 2024-ൽ ഇടത് സർക്കാരിന്റെ കാലത്ത് നിയമസഭാ സബ്ജക്റ്റ് കമ്മിറ്റി അംഗീകാരം നൽകിയിരുന്നു. ഓരോ ഐ.ടി. പാർക്കിലും ഓരോ പബ്ബ് അനുവദിക്കാനും ജീവനക്കാർക്കും സ്ഥാപനങ്ങളിലെത്തുന്ന അതിഥികൾക്കും മദ്യം ലഭ്യമാക്കാനുമായിരുന്നു നിർദേശം. ഇതിനായി പ്രത്യേക ലൈസൻസ് വ്യവസ്ഥയും മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഈ തീരുമാനവുമായി ബന്ധപ്പെട്ട തുടർനടപടികളിൽ പുതിയ സർക്കാർ പുനഃപരിശോധനാ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്തിന്റെ പുതിയ മദ്യനയം പ്രഖ്യാപിച്ച ശേഷം മാത്രം ഐ.ടി. പാർക്കുകളിലെ പബ്ബ് വിഷയത്തിൽ തുടർപരിഗണന മതിയെന്നാണ് മുഖ്യമന്ത്രി നിർദേശിച്ചതെന്നാണ് റിപ്പോർട്ട്. പുതിയ മദ്യനയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക. ഐ.ടി. മേഖലയിലെ ജീവനക്കാരുടെ സൗകര്യം, മദ്യലഭ്യതയുടെ സാമൂഹിക പ്രത്യാഘാതങ്ങൾ, മുൻ സർക്കാരിന്റെ നയതീരുമാനങ്ങൾ എന്നിവയെല്ലാം ചർച്ചയാകുന്ന സാഹചര്യത്തിൽ വിഷയം വീണ്ടും രാഷ്ട്രീയ ശ്രദ്ധ നേടുകയാണ്

Related Articles

Latest Articles