Tuesday, October 20, 2026

യുദ്ധത്തിൽ തിരിച്ചടി! അമേരിക്കൻ സൈനിക മേധാവിയെ നീക്കി ഡൊണാൾഡ് ട്രമ്പ്

വാഷിംഗ്ടൺ : ഇറാാനുമായുള്ള യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ, അമേരിക്കൻ സൈനിക നേതൃത്വത്തിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തിക്കൊണ്ട് ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ റാൻഡി ജോർജിനെ തൽസ്ഥാനത്തുനിന്ന് നീക്കി. അമേരിക്കൻ യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്താണ് ഈ അപ്രതീക്ഷിത നടപടി പ്രഖ്യാപിച്ചത്. ഡൊണാൾഡ് ട്രമ്പിന്റെ ദേശീയ സുരക്ഷാ അജണ്ടകൾ വേഗത്തിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി മുതിർന്ന ജനറൽമാരെയും അഡ്മിറൽമാരെയും മാറ്റുന്ന പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്.

2023-ൽ ചുമതലയേറ്റ ജനറൽ ജോർജിന് നാല് വർഷത്തെ കാലാവധി അവശേഷിക്കെയാണ് ഈ പുറത്താക്കൽ. ഇറാഖിലും അഫ്ഗാനിസ്ഥാനിലും സേവനമനുഷ്ഠിച്ച പരിചയസമ്പന്നനായ ഇൻഫൻട്രി ഓഫീസറാണ് അദ്ദേഹം. ജനറൽ ജോർജിന് പകരം, ഹെഗ്‌സെത്തിന്റെ മുൻ സൈനിക സഹായിയും 82-ാം എയർബോൺ ഡിവിഷൻ കമാൻഡിംഗ് ജനറലുമായ ക്രിസ്റ്റഫർ ലാനീവ് താൽക്കാലിക ആർമി ചീഫ് ആയി ചുമതലയേൽക്കും. ഭരണകൂടത്തിന്റെ കാഴ്ചപ്പാടുകൾ പിഴവില്ലാതെ നടപ്പിലാക്കാൻ ലാനീവിന് സാധിക്കുമെന്ന് പെന്റഗൺ വക്താവ് ഷോൺ പാർനെൽ വ്യക്തമാക്കി.

സൈനിക നേതൃത്വത്തിലെ മാറ്റങ്ങൾക്ക് പുറമെ, രാഷ്ട്രീയ തലത്തിലും ട്രമ്പ് വലിയ അഴിച്ചുപണികൾ നടത്തിയിട്ടുണ്ട്. അറ്റോർണി ജനറൽ പാം ബോണ്ടിയെ സ്ഥാനത്തുനിന്ന് നീക്കിയതാണ് ഇതിൽ പ്രധാനം. ട്രംപിന്റെ രാഷ്ട്രീയ എതിരാളികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിൽ ബോണ്ടി കാണിച്ച കാലതാമസവും എപ്‌സ്റ്റീൻ ഫയലുകൾ പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളുമാണ് അവരുടെ പുറത്താക്കലിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. ട്രമ്പിന്റെ മുൻ അഭിഭാഷകൻ ടോഡ് ബ്ലാഞ്ചിനായിരിക്കും ഇനി നീതിന്യായ വകുപ്പിന്റെ താൽക്കാലിക ചുമതല.

അതേസമയം, നാറ്റോ (NATO) സഖ്യത്തോടുള്ള അമേരിക്കയുടെ പ്രതിബദ്ധതയിൽ പീറ്റ് ഹെഗ്‌സെത്ത് സംശയം പ്രകടിപ്പിച്ചത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. സഖ്യകക്ഷികൾ ഒപ്പം നിൽക്കാത്ത സാഹചര്യത്തിൽ നാറ്റോയിൽ തുടരുന്ന കാര്യത്തിൽ പ്രസിഡന്റ് ട്രംപ് അന്തിമ തീരുമാനമെടുക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. പ്രതിരോധ വകുപ്പിലെയും നീതിന്യായ വകുപ്പിലെയും ഈ വൻ മാറ്റങ്ങൾ ട്രമ്പ് ഭരണകൂടം തങ്ങളുടെ അധികാരം കൂടുതൽ കേന്ദ്രീകരിക്കുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Related Articles

Latest Articles