ടെഹ്‌റാൻ : അമേരിക്കയുടെ അത്യാധുനിക എഫ്-35 യുദ്ധവിമാനം വീണ്ടും വെടിവെച്ചിട്ടതായി ഇറാൻ രാജ്യത്തിന്റെ മധ്യമേഖലയ്ക്ക് മുകളിൽ വെച്ചാണ് രണ്ടാമത്തെ യുഎസ് യുദ്ധവിമാനം തകർത്തതെന്നും പൈലറ്റ് രക്ഷപ്പെടാൻ സാധ്യതയില്ലെന്നും മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നതിന് പിന്നാലെ മേഖലയിൽ സംഘർഷം പുതിയ തലത്തിലേക്ക് കടന്നിരിക്കുന്നത്. ഇതിന് പുറമെ ഇസ്രായേലിനും ചില ഗൾഫ് രാജ്യങ്ങൾക്കും നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ കുവൈത്തിലെ മിന അൽ-അഹ്മദി എണ്ണ ശുദ്ധീകരണശാലയിൽ വൻ തീപിടുത്തമുണ്ടായതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ സ്ഥിരീകരിച്ചു. ആക്രമണത്തെത്തുടർന്ന് പ്ലാന്റിൽ ഉണ്ടായ തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനാംഗങ്ങൾ തീവ്രശ്രമം തുടരുകയാണ്. യുദ്ധം ആരംഭിച്ച ശേഷം ഇത് എത്രാമത്തെ തവണയാണ് കുവൈത്തിലെ എണ്ണ പ്ലാന്റുകൾക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. ഹോർമുസ് കടലിടുക്കിന് മേലുള്ള നിയന്ത്രണം ഇറാൻ ശക്തമാക്കിയതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്.
അതേസമയം ഇറാനെതിരെ അടുത്ത രണ്ടാഴ്ചക്കാലം അതിശക്തമായ ആക്രമണം തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് മുന്നറിയിപ്പ് നൽകി. ഇറാനിലെ ബി-1 പാലം തകർത്തത് തന്റെ സമാധാന കരാറിന് വഴങ്ങാത്തതിനുള്ള മുന്നറിയിപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ ക്രൊയേഷ്യയിൽ നിന്ന് പുറപ്പെട്ട അമേരിക്കയുടെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ ഏത് ദൗത്യവും ഏറ്റെടുക്കാൻ സജ്ജമായി മേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ടെന്ന് അമേരിക്കൻ നാവികസേനയുടെ സിക്സ്ത് ഫ്ലീറ്റ് അറിയിച്ചു. എന്നാൽ ഇറാന്റെ സൈനിക ഭരണകൂടം ഇത്തരം ആക്രമണങ്ങളെ അതിജീവിക്കാൻ കെൽപ്പുള്ളതാണെന്നും യുദ്ധം ഇറാനിലെ കടുത്ത തീവ്രനിലപാടുകാരെ കൂടുതൽ കരുത്തരാക്കുമെന്നും മുൻ സിഐഎ ഡയറക്ടർ ബിൽ ബേൺസ് അഭിപ്രായപ്പെട്ടു.

